ഇന്ദ്രജിത്തും ശാന്തി ബാലചന്ദ്രനും ഒന്നിച്ച 'തണ്ടൊടിഞ്ഞ താമര'; 'ആഹാ'യിലെ റൊമാന്റിക് ഗാനം പുറത്ത്

ഇന്ദ്രജിത്ത് നായകനാകുന്ന “ആഹാ” ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്. “”തണ്ടൊടിഞ്ഞ താമര”” എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. സയനോര രചിച്ച് സംഗീതം നിര്‍വ്വഹിച്ച ഗാനം സയനോരയും വിജയ് യേശുദാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇന്ദ്രജിത്തും ശാന്തി ബാലചന്ദ്രനുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇവരുടെ പ്രണയവും ജീവിതവും ആവിഷ്‌കരിക്കുന്ന ഗാനമാണിത്. ചിത്രത്തില്‍ നടന്‍ അര്‍ജുന്‍ അശോകന്‍ ആലപിച്ച ഗാനം നേരത്തെ പുറത്തു വന്നിരുന്നു. വടംവലി പ്രമേയമാകുന്ന ആഹാ ബിബിന്‍ പോള്‍ സാമുവല്‍ ആണ് സംവിധാനം ചെയ്യുന്നത്. നാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം ആണ് നിര്‍മ്മാണം.

മനോജ് കെ ജയന്‍, ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ ശിവ എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. 2008ലെ വടംവലി സീസണില്‍ എഴുപത്തിമൂന്ന് മത്സരങ്ങളില്‍ എഴുപത്തിരണ്ടിലും ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ “ആഹാ നീലൂര്‍” എന്ന ടീമിനോടുള്ള ബഹുമാനസൂചകമായാണ് ചിത്രത്തിന് ആഹാ എന്ന പേര് നല്‍കിയിരിക്കുന്നത്.

Read more

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ബോളിവുഡില്‍ സജീവമായ രാഹുല്‍ ബാലചന്ദ്രനാണ്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. സയനോര ഫിലിപ്പ് ആണ് സംഗീതമൊരുക്കുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ. വ്യത്യസ്ത സ്വഭാവത്തില്‍ പെടുന്ന നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നത്.