തിയേറ്ററില്‍ ഫാഫ തരംഗം, ബോക്‌സ് ഓഫീസിനെ പിടിച്ചുകുലുക്കി 'നിതിന്‍ മോളി', തകര്‍ന്ന് 'ജയ് ഗണേഷ്'; ഓപ്പണിംഗ് ദിന കളക്ഷന്‍ പുറത്ത്

മലയാളത്തിലെ യുവതാരങ്ങള്‍ ഒന്നിച്ചെത്തിയപ്പോള്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ കുതിപ്പുമായി വിഷു റിലീസ് ചിത്രങ്ങള്‍. ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’, വിനീത് ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’, ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ എന്നീ സിനിമകളാണ് ഇന്നലെ തിയേറ്ററില്‍ എത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ തന്നെ വന്‍ കളക്ഷനാണ് ഈ ചിത്രങ്ങള്‍ നേടിയിരിക്കുന്നത്.

3.5 കോടി രൂപയാണ് ആവേശം ആദ്യ ദിനത്തില്‍ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീ സെയ്ല്‍ ബിസിനസില്‍ അടക്കം നേരത്തെ മുന്നില്‍ തന്നെയായിരുന്നു. ഫഹദ് ഫാസില്‍ അഴിഞ്ഞാടിയ സിനിമ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്. ‘രോമാഞ്ചം’ സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം ആദ്യ ദിനത്തില്‍ തന്നെ ഹിറ്റ് അടിച്ചിരിക്കുകയാണ്.

തൊട്ടുപിന്നിലായി വര്‍ഷങ്ങള്‍ക്ക് ശേഷം 3 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ കോമ്പോ ശ്രദ്ധ നേടിയപ്പോള്‍, സെക്കന്റ് ഹാഫില്‍ എത്തുന്ന നിവിന്‍ പോളി ഷോ സ്റ്റീലര്‍ ആയി എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. നിവിന്റെ തിരിച്ചുവരവ് എന്ന കമന്റുകളും ഉയരുന്നുണ്ട്.

എന്നാല്‍ വളരെ പിന്നിലാണ് ജയ് ഗണേഷ്. ആദ്യ ദിനം അമ്പത് ലക്ഷം രൂപ മാത്രമാണ് ജയ് ഗണേഷിന് നേടാനായത്. ആവേശത്തിനും വര്‍ഷങ്ങള്‍ക്ക് ശേഷത്തിനും ലഭിച്ചത്ര തിയേറ്ററുകള്‍ പോലും ജയ് ഗണേഷിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആദ്യ പ്രദര്‍ശനത്തിന് പോലും അധികം പ്രതികരണങ്ങള്‍ ജയ് ഗണേഷിന് ലഭിച്ചിരുന്നില്ല.

അതേസമയം, മൂന്ന് ചിത്രങ്ങള്‍ ഒന്നിച്ചെത്തിയെങ്കിലും ‘ആടുജീവിതം’ അധികം തളര്‍ച്ചയില്ലാതെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രം 15-ാം ദിവസം 2 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 130 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയ കളക്ഷന്‍.