സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചു; അല്ലു അര്‍ജുനെതിരെ വീണ്ടും പരാതി, ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ്

അല്ലു അര്‍ജുനെതിരെ വീണ്ടും പരാതി. തിയേറ്ററില്‍ സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ നടന്ന കേസും അറസ്റ്റും ചോദ്യം ചെയ്യലും ഒരു വഴിക്ക് നീങ്ങുന്നതിനിടെയാണ് മറ്റ് ആക്ഷേപങ്ങളും അല്ലു അര്‍ജുനെതിരെ നടക്കുകയാണ്. ‘പുഷ്പ 2’ ചിത്രത്തിലെ ഒരു സീനിന്റെ പേരില്‍ താരത്തിനും പുഷ്പ 2 സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് തീന്‍മര്‍ മല്ലണ്ണ.

ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസര്‍ നോക്കി നില്‍ക്കെ അല്ലു അര്‍ജുന്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന സീനുണ്ട്. ഇതിനെതിരെയാണ് പരാതി. മര്യാദയില്ലാത്ത സീനാണിത്, ബഹുമാനം എന്നൊന്ന് ഇല്ലാത്തത്. നിയമപാലകരുടെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സീന്‍. ഇത് എങ്ങനെ അംഗീകരിക്കാനാകും എന്നാണ് കോണ്‍ഗ്രസ് നേതാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ഇതിന്റെ പേരില്‍ അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കര്‍ശന നടപടി വേണം എന്നാണ് മല്ലണ്ണയുടെ ആവശ്യം. അതേസമയം, പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതിയും മകനും മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്തിരിക്കുകയാണ് ഹൈദരാബാദ് പൊലീസ്.

എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും പൊലീസ് ചോദിച്ച കാര്യങ്ങളോട് നടന്‍ പ്രതികരിച്ചില്ല. നേരത്തേ പൊലീസ് സംഘം പുറത്തുവിട്ട സന്ധ്യ തിയേറ്ററില്‍ നിന്നുള്ള 10 മിനിറ്റ് വീഡിയോ ഉള്‍പ്പെടെ ചോദ്യം ചെയ്യലിനിടെ പ്രദര്‍ശിപ്പിച്ചുവെങ്കിലും നടന്‍ പ്രതികരിച്ചില്ല. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് പ്രീമിയര്‍ നടന്ന തിയറ്ററിലേക്ക് എത്തിയത് എന്തിനെന്ന് പൊലീസ് അല്ലു അര്‍ജുനോട് ചോദിച്ചു.

സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മര്‍ദ്ദിച്ചതില്‍ ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്നായിരുന്നു പൊലീസിന്റെ മറ്റൊരു ചോദ്യം. എപ്പോഴാണ് സ്ത്രീയുടെ മരണത്തെ കുറിച്ച് അറിഞ്ഞതെന്നും പൊലീസ് അല്ലുവിനോട് ചോദിച്ചു. പരസ്പര വിരുദ്ധ പ്രസ്താവനകളല്ലേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയതെന്നും പൊലീസ് ചോദിച്ചു.

എന്നാല്‍ ഇതിനൊന്നും മറുപടി പറയാതെയാണ് അല്ലു അര്‍ജുന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇരുന്നത്. ഡിസിപിയും എസിപിയും നേതൃത്വം നല്‍കുന്ന നാലംഗ പൊലീസ് സംഘമാണ് അല്ലുവിനെ ചോദ്യം ചെയ്തത്. ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിനായി അല്ലു അര്‍ജുന്‍ ഇന്ന് രാവിലെ ഹാജരായത്.