നടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു

തമിഴ് നടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു. തമിഴ്‌നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ചായിരുന്നു അപകടം. ഭാര്യ സുപ്രിയയ്‌ക്കൊപ്പം കള്ളകുറിച്ചിയിലേക്ക് പോകുകയായിരുന്നു ജീവ. അപകടത്തിൽ ജീവയ്ക്കും ഭാര്യ സുപ്രിയയ്ക്കും നിസാര പരിക്കേറ്റു.

അപകടത്തിൽ ആഡംബര കാറിന്‍റെ ബമ്പർ തകർന്നിട്ടുണ്ട്. എതിരെ അപ്രതീക്ഷിതമായി ഒരു ഇരുചക്ര വാഹനം വന്നപ്പോള്‍ ജീവ കാര്‍ വെട്ടിക്കുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണം. അപകട സ്ഥലത്തെത്തിയ ചിന്ന സേലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ജീവ പുതിയ കാര്‍ വിളിച്ച് ഭാര്യയ്ക്കൊപ്പം സ്ഥലത്ത് നിന്നും പോയി. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കാറിന് ചുറ്റും ഒരു ജനക്കൂട്ടം തടിച്ചുകൂടിയതും, ആളുകളുടെ സംസാരവും ജീവയെ അസ്വസ്ഥാക്കിയെന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. താരം ആളുകളോട് തട്ടിക്കയറുന്നതും വിഡിയോയിൽ കാണാം.

Read more