നടന്‍ നാസറിന്റെ മകന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. 2014ലെ അപകടത്തിന് ശേഷം മകന് ഓര്‍മ്മയുള്ള ഏക വ്യക്തി വിജയ് ആയിരുന്നു എന്നും ആ ആരാധനയോടെ ഫൈസല്‍ വിജയ്യുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായും നടന്‍ ഭാര്യ കമീലിയ നാസര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
2014 മെയ് 22ല്‍ ആണ് അബ്ദുള്‍ അസന്‍ ഫൈസലിന് അപകടം സംഭവിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഫൈസലിന്റെ കാര്‍ കല്‍പ്പാക്കത്തിനടുത്ത് വച്ച് ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഒപ്പമുണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഫൈസലും ഒരു സുഹൃത്തും മാത്രമാണ് രക്ഷപ്പെട്ടത്. വിജയ്‌യുടെ കടുത്ത ആരാധകനായ ഫൈസലിന്റെ ജന്മദിനത്തില്‍ നാസറിന്റെ വീട്ടിലെത്തി വിജയ് സര്‍പ്രൈസ് നല്‍കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
അതേസമയം, വിജയ്‌യുടെ പാര്‍ട്ടിയില്‍ ഇതുവരെ 50 ലക്ഷത്തിലധികം ആളുകള്‍ ആപ്പ് മുഖാന്തരം പാര്‍ട്ടിയില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഈ മാസം എട്ടിനാണ് വിജയ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നതിന് ആപ്പ് ആരംഭിച്ചത്.