യു പ്രതിഭ എംഎൽഎയുടെ മകന്റെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാനെതിരെ ദീപിക പത്രം. ‘വിഷപ്പുകയും വിവരക്കേടും’ എന്ന പേരിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സജി ചെറിയനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. മയക്കുമരുന്നിൻ്റെ കാര്യത്തിൽ മതവും രാഷ്ട്രീയവും കൂട്ടി കലർത്തരുതെന്നും ദീപിക പത്രത്തിലെ എഡിറ്റോറിയലിൽ പറയുന്നു.
ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസെന്ന് എഡിറ്റോറിയലിൽ വിമർശനമുണ്ട്. മന്ത്രിയുടെ വാക്കുകൾ വമിപ്പിക്കുന്നത് വിക്ഷപ്പുകയാണെന്നും വിമർശനമുണ്ട്. എംഎൽഎയെ പിന്തുണക്കാൻ അവകാശമുണ്ട് എന്നാൽ കുറ്റക്കാരെ ന്യായീകരിച്ചത് ശരിയല്ലെന്ന് ദീപിക പത്രത്തിലെ എഡിറ്റോറിയലിൽ പറയുന്നു. കുറ്റക്കാരെ ന്യായീകരിക്കാൻ കുറ്റം നിസാരവത്കരിച്ചത് തെറ്റാണ്. ഉത്തരവാദിത്വമില്ലായ്മയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇത്.
കുറ്റക്കാരെ ന്യായീകരിക്കാൻ കുറ്റത്തെ നിസാരവത്കരിച്ചതാണ് ഇവിടെ കുറ്റമെന്ന് എഡിറ്റോറിയലിൽ പറയുന്നു. ആശ്രിതരെ ചേർത്തുനിർത്തുന്നതും അനഭിമതിരെ കൈകാര്യം ചെയ്യുന്നതുമായ രാഷ്ട്രീയ കേരളത്തിന് അത്ര പരിചയമില്ലാത്തതല്ലല്ലോ എന്ന് എഡിറ്റോറിയലിൽ പറയുന്നു. മന്ത്രി സജി ചെറിയൻ പുക വലിക്കുന്നത് കൊണ്ട് പുകവലി മഹത്തരമല്ല. പുകവലിയെ നിസാരവത്കരിക്കാൻ എംടിയെ കൂട്ടുപിടിച്ചത് അപലപനീയമെന്ന് ദീപിക പത്രം പറയുന്നു. അതേസമയം ആലപ്പുഴ എക്സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയതിലും വിമർശനമുണ്ട്.