ഇത് ശരിക്കും ബോറായി, വിളിച്ച് വരുത്തിയിട്ട് അപമാനിച്ചത് മോശമായി പോയി..; പൊട്ടിത്തെറിച്ച് സുധീര്‍

ക്ഷണം സ്വീകരിച്ച് എത്തിയ വേദിയില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്ന് നടന്‍ സുധീര്‍. പിന്നിലെ സീറ്റില്‍ ഇരുന്ന തന്നെ വേദിയിലേക്ക് വിളിച്ചില്ല എന്നാണ് സുധീര്‍ പറയുന്നത്. ഇതോടെ നടന്‍ സ്‌റ്റേജിലേക്ക് കയറി വന്ന് തനിക്ക് ഏറ്റ അപമാനവും സങ്കടവും മൈക്കിലൂടെ വേദിയെ അറിയിക്കുകയായിരുന്നു. ഇത് ശരിക്കും മോശമായി പോയി എന്നും സുധീര്‍ പറയുന്നുണ്ട്.

”ആ മൂലയ്ക്ക് ഇരുന്ന എന്നെ ആരും വിളിച്ചില്ല. അവസാനം എന്നെ ഒന്ന് വിളിക്കൂ എന്ന് പറയേണ്ടി വന്നു. ഇത് ശരിക്കും ബോറായി പോയി. ഇത് ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ ശരിയാവില്ല. എല്ലാവരെയും വിളിച്ച് കൊടുത്തു. പക്ഷേ എനിക്ക് മാത്രം തന്നില്ല. ശരിക്കും ഇത് മോശമായി പോയി” എന്നാണ് സുധീര്‍ മൈക്കിലൂടെ പറഞ്ഞത്.

സുധീറിന്റെ വാക്കുകള്‍ കേട്ടതിന് ശേഷം, ”സെലിബ്രിറ്റികളോട് മുന്നിലേക്ക് വന്നിരിക്കാന്‍ പറഞ്ഞതാണ്, എന്നിട്ടും ചെയ്യാത്തത് കൊണ്ടല്ലേ?” എന്നായിരുന്നു അവതാരക ചോദിച്ചത്. ഇതിനും സുധീര്‍ മറുപടി നല്‍കി. ”ഞാന്‍ എത്ര വലിയ സെലിബ്രിറ്റിയൊന്നുമല്ല, ഞാനൊരു മനുഷ്യനാണ്. അതൊന്നും പറയേണ്ടതില്ല.”

”സീറ്റ് നോക്കിയാണോ വ്യക്തികളെ ക്ഷണിക്കുന്നത്. എവിടെ ഇരിക്കുന്നു എന്നതിലൊന്നും കാര്യമില്ല. പുറകില്‍ ഇരുന്നെന്ന് കരുതി സെലിബ്രിറ്റി അല്ലാതാവില്ലല്ലോ” എന്നും പറഞ്ഞ് സുധീര്‍ സ്റ്റേജില്‍ നിന്നിറങ്ങി പോവുന്നതാണ് വീഡിയോയിലുള്ളത്. സുധീറിനെ വേദിയിലേക്ക് വിളിക്കാന്‍ വൈകിയതില്‍ വളരെ വിഷമമുണ്ടെന്നും പ്ലാനിംഗില്‍ വന്ന പ്രശ്‌നമാണെന്നും സംഘാടകര്‍ വിശദീകരിക്കുന്നതും വീഡിയോയിലുണ്ട്.