ഡബ്ബിങ് ആര്‍ടിസ്റ്റും തെന്നിന്ത്യന്‍ നടിയുമായ രവീണ രവി വിവാഹിതയാകുന്നു. ‘വാലാട്ടി’ എന്ന സിനിമയുടെ സംവിധായകനായ ദേവന്‍ ജയകുമാര്‍ ആണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പ്രണയ വാര്‍ത്ത സ്ഥിരീകരിച്ചത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റേയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടേയും മകളാണ് രവീണ രവി. വാനപ്രസ്ഥം എന്ന സിനിമയില്‍ ഒരു ബാലതാരത്തിന് ഡബ്ബ് ചെയ്തു കൊണ്ടാണ് രവീണ ആറാം വയസില്‍ സിനിമയില്‍ എത്തുന്നത്. ആ വര്‍ഷം തന്നെ എഫ്‌ഐആര്‍ എന്ന ചിത്രത്തിലും ശബ്ദം പകര്‍ന്നു.
View this post on Instagram
പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം 2013ല്‍ ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലൂടെ ഡബ്ബിങ് രംഗത്ത് സജീവമായി. ഭാസ്‌ക്കര്‍ ദ് റാസ്‌ക്കല്‍, ലൗ ആക്ഷന്‍ ഡ്രാമ എന്നീ സിനിമകളില്‍ നയന്‍താരയ്ക്ക് ശബ്ദം നല്‍കി. മുപ്പതിലധികം മലയാള ചിത്രങ്ങളില്‍ രവീണ ഡബ്ബ് ചെയ്തിട്ടുണ്ട്.
ഒരു കിടയിന്‍ കരുണൈ മനു എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് ചുവടുവച്ചു. തുടര്‍ന്ന് റോക്കി, ലവ് ടുഡേ, മാമന്നന്‍ എന്നിവയുള്‍പ്പെടെ പത്തോളം സിനിമകളില്‍ രവീണ അഭിനയിച്ചു. നിത്യഹരിത നായകന്‍ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
സംവിധായകനും നിര്‍മാതാവുമായ ജയന്‍ മുളങ്ങാടിന്റെയും ശ്രീകലയുടെയും മകനാണ് ദേവന്‍. 2011ല്‍ ഒരു പരസ്യ ചിത്രത്തില്‍ സംവിധായകന്‍ വികെ പ്രകാശിന്റെ അസിസ്റ്റന്റായിട്ടാണ് ദേവന്‍ തുടക്കം കുറിച്ചത്. ഹലോ നമസ്‌തേ എന്ന സിനിമയില്‍ ക്രിയേറ്റീവ് ഡയറക്റ്ററായി. വാലാട്ടി എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.