അജിത്തിന് ശമ്പളം മുടങ്ങി? 'വിടാമുയര്‍ച്ചി'യില്‍ അഭിനയിക്കാതെ താരം

‘തുനിവ്’ എന്ന ചിത്രത്തിന് ശേഷം പ്രഖ്യാപിച്ച അജിത്ത് സിനിമയാണ് ‘വിടാമുയര്‍ച്ചി’. എന്നാല്‍ അജിത്തിന്റെ 62-ാം സിനിമയായി പ്രഖ്യാപിച്ച ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. വിടാമുയര്‍ച്ചി എന്ന സിനിമയെ കുറിച്ചും അജിത്തിന്റെ ഭാവിയെ കുറിച്ചും പ്രചരിക്കുന്ന ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

വിഘ്‌നേഷ് ശിവനായിരന്നു വിടാമുയര്‍ച്ചി ആദ്യം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എന്തോ കാരണത്താല്‍ വിഘ്‌നേശിനെ പുറത്താക്കുകയും പകരം മഗിഴ് തിരുമേനി സംവിധായകനായി എത്തുകയുമായിരുന്നു. എന്നാല്‍ വിടാമുയര്‍ച്ചിക്ക് ഒപ്പം പ്രഖ്യാപിച്ച മറ്റ് സിനിമകളുടെയെല്ലാം ഷൂട്ടിംഗ് ആരംഭിച്ചിട്ടും ഈ ചിത്രം മാത്രം തുടങ്ങിയിട്ടില്ല.

യൂറോപ്പ് ടൂറിന് ശേഷം അജിത്ത് ചിത്രം ആരംഭിക്കും എന്നാണ് നേരത്തെ വന്ന വിവരം. എന്നാല്‍ യൂറോപ്പ് ടൂര്‍ കഴിഞ്ഞ ശേഷം അജിത്ത് പിന്നീടും നിരവധി ബൈക്ക് റൈഡുകളും പോയി. ഇതിനിടെ അജിത്ത് ദുബായില്‍ താമസമാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളും എത്തിയിരുന്നു.

110 കോടിയാണ് ചിത്രത്തിന് പ്രതിഫലമായി അജിത്തിന് നിശ്ചയിച്ചിരുന്നത്. അതില്‍ 25 കോടി അദ്ദേഹത്തിന് അഡ്വാന്‍സായി നല്‍കി. ബാക്കി വരുന്ന തുക ചിത്രത്തിന്റെ റിലീസ് വരെ ഒരോ മാസവും 8 കോടി വെച്ച് അജിത്തിന് അക്കൗണ്ടില്‍ നല്‍കും എന്നായിരുന്നു ധാരണ.

എന്നാല്‍ വിടാമുയര്‍ച്ചി നടക്കാത്തതിനാല്‍ അജിത്തിന് ലൈക പണം നല്‍കുന്നില്ലെന്നാണ് വിവരം. ഇത്തരത്തില്‍ അക്കൗണ്ടില്‍ പണം കിട്ടിയില്ലെങ്കില്‍ അജിത്ത് വല്ല രാജ്യത്തും ബൈക്ക് റൈഡ് പോയി പെട്രോള്‍ അടിക്കാന്‍ കാശ് നോക്കുമ്പോള്‍ അക്കൗണ്ടില്‍ പണം കാണില്ലല്ലോ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.