എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു..; അംഗീകാരത്തിനിടെയിലും പ്രിയതമയ്ക്ക് അജിത്തിന്റെ സ്‌നേഹചുംബനം, വീഡിയോ

നീണ്ട 13 വര്‍ഷത്തിന് ശേഷം റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍ അജിത്. അപ്രതീക്ഷിതമായുണ്ടായ അപകടത്തിലും പതറാതെ 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ മൂന്നാമതായാണ് അജിത് ഫിനിഷ് ചെയ്തത്. ജിടി 4 വിഭാഗത്തില്‍ സ്പിരിറ്റ് ഓഫ് ദി റേസ് അംഗീകാരവും അജിത്തിന് ലഭിച്ചിരുന്നു.

ഈ നേട്ടത്തിന് പിന്നാലെ തന്റെ ഭാര്യയും നടിയുമായ ശാലിനിക്ക് നന്ദി പറയുന്ന അജിത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു’ എന്ന് വേദിയില്‍ നിന്ന് പറയുന്ന അജിത്തിനെയും അതുകേട്ട് ചിരിക്കുന്ന ശാലിനുയേയും വീഡിയോയില്‍ കാണാം.

റേസിന് പിന്നാലെ ശാലിനിയെ കെട്ടിപിടിച്ച് ചുംബിക്കുന്ന അജിത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ശാലിനിക്കൊപ്പം മകള്‍ അനൗഷ്‌കയും ദുബായിലെത്തിയിരുന്നു. അജിത്തിന്റെ അടുത്ത സുഹൃത്തായ നടന്‍ മാധവനും, അജിത്തിന്റെ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകന്‍ ആദിക് രവിചന്ദ്രനും മത്സരം കാണാന്‍ എത്തിയിരുന്നു.

ഇന്ത്യയിലും വിദേശത്തുമായി നടന്ന വിവിധ റേസിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ അജിത് മത്സരിച്ചിട്ടുണ്ട്. 2003ലെ ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ അജിത് പങ്കെടുക്കുകയും മുഴുവന്‍ സീസണും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 2004ല്‍ ബ്രിട്ടീഷ് ഫോര്‍മുല 3ല്‍ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

സിനിമയ്ക്കിടയില്‍ കുറച്ച് മത്സരങ്ങളില്‍ മാത്രമേ നടന് പങ്കെടുക്കാനായിട്ടുള്ളു. റേസിങ് താരം മാത്രമല്ല, ‘അജിത് കുമാര്‍ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോള്‍ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയക്സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോര്‍ഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ചത്.