അസുഖബാധിതയായി ആശുപത്രിയില്‍ കിടക്കുന്ന സാമന്തയ്ക്ക് ആശംസകളുമായി നടന്‍ അഖില്‍ അക്കിനേനി. സാമന്തയുടെ മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടെ സഹോദരനാണ് അഖില്‍ അക്കിനേനി. മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സാമന്തയെ പിടികൂടിയത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണിത്.
”പ്രിയപ്പെട്ട സാമിന് സ്നേഹവും കരുത്തും ആശംസിക്കുന്നു” എന്നാണ് അഖില്‍ കുറിച്ചിരിക്കുന്നത്. സാമന്തയ്ക്ക് പിന്തുണയുമായി ഒട്ടേറെ സിനിമാപ്രവര്‍ത്തകരും ആരാധകരും എത്തിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് തന്റെ രോഗവിവരം സാമന്ത അറിയിച്ചത്.
”യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു. നിങ്ങള്‍ തരുന്ന ആ സ്‌നേഹവും ബന്ധവുമാണ് എനിക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായി കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു.”
”പക്ഷേ, ഇത് മാറാന്‍ ഞാന്‍ വിചാരിച്ചതിലും സമയമെടുക്കും. ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു… ശാരീരികമായും വൈകാരികമായും…. എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ പോലും, എങ്ങനെയോ അതിനെയും തരണം ചെയ്യുന്നു. ഈ സമയവും കടന്നുപോകും” എന്നാണ് സാമന്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.
Read more
അതേസമയം, നവംബര്‍ 11ന് ആണ് യശോദ തിയറ്ററുകളില്‍ എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉണ്ണി മുകുന്ദനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.