സിനിമയിലെത്തുമ്പോള്‍ പല താരങ്ങളും തങ്ങളുടെ പേര് മാറ്റാറുണ്ട്. അത്തരത്തില്‍ പേരുമാറ്റിയ താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍. തന്റെ പേര് മാറ്റാന്‍ ഉണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍. മഹേഷ് ഭട്ട് ഒരുക്കിയ ‘ആജ്’ എന്ന ചിത്രത്തിലൂടെ 1987ല്‍ ആണ് അക്ഷയ് കുമാര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
ഈ ചിത്രത്തില്‍ നടന്‍ കുമാര്‍ ഗൗരവ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് അക്ഷയ് എന്നാണ്. ഈ പേര് താന്‍ സ്വീകരിക്കുകയായിരുന്നു എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. രാജീവ് ഭാട്ടിയ എന്നാണ് അക്ഷയ്‌യുടെ യഥാര്‍ത്ഥ പേര്. ആജ് സിനിമയുടെ ഷൂട്ടിനിടെ ഹീറോയുടെ പേര് എന്താണെന്ന് ചോദിച്ചപ്പോള്‍ അക്ഷയ് എന്ന് പറഞ്ഞു.
ആ പേര് താന്‍ സ്വീകരിച്ചു. അല്ലാതെ ആരും തന്നെ ഉപദേശിച്ചിട്ടല്ല പേര് മാറ്റിയത് എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. രാജീവ് ഒരു നല്ല പേരാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി എന്ന് തോന്നുന്നു. അതിനാല്‍ ഇന്ന് ഇത് നല്ല പേരാണ്. എന്നാല്‍ ഞാന്‍ അത് അങ്ങ് മാറ്റി. ഏതോ ഒരു സ്വാമി വന്ന് പേര് മാറ്റാനായി ഉപദേശിച്ചതു കൊണ്ട് അങ്ങനെ ചെയ്തതല്ല.
നിനക്ക് എന്താ പറ്റിയത് എന്ന് എന്നോട് അച്ഛന്‍ ചോദിക്കുകയും ചെയ്തു. എന്റെ ആദ്യ സിനിമയിലെ ഹീറോയുടെ പേര് ആണിത്. അതുകൊണ്ട് ഈ പേര് ഞാന്‍ ഇങ്ങെടുത്തു എന്നാണ് അച്ഛനോടും പറഞ്ഞത് എന്നാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറയുന്നത്.
അതേസമയം, ‘സര്‍ഫിര’ ആണ് അക്ഷയ് കുമാറിന്റെതായി നിലവില്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. എന്നാല്‍ സിനിമ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ജൂലൈ 12ന് റിലീസ് ചെയ്ത ചിത്രം വെറും 2 കോടി മാത്രമാണ് ഓപ്പണിങ് കളക്ഷന്‍ നേടിയത്. അക്ഷയ്‌യുടെ കരിയറിലെ ഏറ്റവും കുറഞ്ഞ ഓപ്പണിങ് കളക്ഷനാണിത്.