ആം ആദ്മി പാർട്ടി ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ആം ആദ്‌മി പാർട്ടി (എഎപി) ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദ് ചെയ്‌ത്‌ ഡൽഹിയിലെ ബിജെപി സർക്കാർ. മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഔദ്യോഗിക ഉത്തരവിലൂടെ സർക്കാർ നടപടി പ്രഖ്യാപിച്ചത്. നടപടി ഉടൻ പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ സർക്കാരുമായി ബന്ധപ്പെട്ട ബോർഡുകൾ, കമ്മിറ്റികൾ, അക്കാദമികൾ എന്നിവയിലെ കൂടുതൽ പേരെ ഈ ഉറ്റത്തരവ് ലക്ഷ്യമിടുന്നുണ്ട്.

ഭരണപരമായ യോഗ്യതയ്ക്ക് പകരം ‘രാഷ്ട്രീയ നേട്ടത്തിന്’ വേണ്ടി നടത്തിയ നിയമങ്ങളാണ് റദ്ദ് ചെയ്യുന്നതെന്നാണ് ഡൽഹി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവനുസരിച്ച് നിലവിലുള്ളതും, മുൻ ആം ആദ്‌മി എം.എൽ.എമാരുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളെയാണ് ഇത് ബാധിക്കുക.

കൂടാതെ ഡൽഹി ജലവിഭവ ബോർഡ്, ഹജ്ജ് കമ്മിറ്റി, മറ്റ് ഭാഷ അക്കാദമികൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉയർന്ന സ്ഥാനങ്ങളിലുള്ള മുതിർന്ന പാർട്ടി നേതാക്കളെയും ഈ ഉത്തരവ് ബാധിക്കും. ആം ആദ്‌മി സർക്കാർ നിയമിച്ച ചെയർപേഴ്‌സൺമാരും അംഗങ്ങളും ഉൾപ്പെടെയടുള്ള നിയമനങ്ങളുടെ വിശദമായ പട്ടിക തയ്യാറാക്കാൻ ഡൽഹി ചീഫ് സെക്രട്ടറി ധർമ്മേന്ദ്ര എല്ലാ വകുപ്പ് മേധാവികളോടും നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാറിന്റെ നടപടി.