അല്ലു അർജുന്റെ പിറന്നാൾ ദിനത്തിന് മുന്നോടിയായി 15 വർഷം മുൻപ് പുറത്തിറങ്ങിയ ഒരു അല്ലു അർജുൻ ചിത്രം തിയറ്ററുകളിൽ കഴിഞ്ഞ ദിവസം റീ റിലീസിന് എത്തിയിരുന്നു. പുഷ്പ സംവിധായകൻ സുകുമാർ തന്നെ ഒരുക്കിയ ആര്യ 2 ആയിരുന്നു അത്. 2004ൽ പുറത്തിറങ്ങിയ ‘ആര്യ’യുടെ സീക്വലാണ് ആര്യ 2. ഏപ്രിൽ 8ന് അല്ലുവിന് 43 വയസ് തികയുമ്പോഴാണ് ആന്ധ്രയിലും തെലങ്കാനയിലും ആര്യ 2 റീ റിലീസ് ചെയ്തത്.
പ്രൊമോഷൻ ഒന്നും ഇല്ലാതെ എത്തിയ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ ആണ് ഞെട്ടിച്ചിരിക്കുന്നത്. 4. 02 കോടിയാണ് ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത്. ഇറങ്ങിയ സമയത്ത് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല എന്നതിനാൽ തന്നെ ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച കണക്കാണ് ഇത്.
അതേസമയം, അല്ലു അർജുൻ-സുകുമാർ കൂട്ടുകെട്ടിൽ 2009ൽ റിലീസ് ചെയ്ത ആര്യ 2 വൻ വിജയം നേടിയിരുന്നു. കാജൾ അഗർവാൾ, നവ്ദീപ്, ശ്രദ്ധ ദാസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
ആര്യയിൽ അല്ലു അർജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. 4 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ആര്യ ഏകദേശം 30 കോടി രൂപ ബോക്‌സോഫീസിൽ നേടി. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു.