പൃഥ്വിരാജ് ചിത്രത്തിന്റെ സഹസംവിധായകന്‍ മരിച്ച നിലയില്‍

സിനിമാ സഹസംവിധായകന്‍ ആര്‍. രാഹുല്‍ മരിച്ച നിലയില്‍. കൊച്ചിയില്‍ മരടിലെ ഹോട്ടല്‍ മുറിയില്‍ രാവിലെ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൃഥ്വിരാജിന്റെ പുതിയ ചിത്രം “ഭ്രമ”ത്തിന്റെ ഷൂട്ടിംഗിനായാണ് രാഹുല്‍ കൊച്ചിയില്‍ എത്തിയത്.

മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍.

രാഹുലിന് അനുശോചനങ്ങളുമായി പൃഥ്വിരാജ് രംഗത്തെത്തി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അനുശോചനം അറിയിക്കുന്നതായും പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read more

ഛായാഗ്രാഹകനായ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജിനൊപ്പം മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അവസാനത്തോടെയാണ് ആരംഭിച്ചത്. ഫോര്‍ട്ട് കൊച്ചിയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.