ബാഹുബലിയോ പഴശ്ശിരാജയോ പോലെയൊരു ചിത്രമല്ല മാമാങ്കം, അങ്ങനെ നിങ്ങള്‍ പ്രതീക്ഷിക്കരുത്, ഇത് പരാജിതനായ ഹീറോയുടെ കഥയാണ്; സംവിധായകന്‍

“എം. പദ്മകുമാറിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചരിത്ര സിനിമ മാമാങ്കത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ബിഗ് ബജറ്റ് ചരിത്ര സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ബാഹുബലി പോലെയോ പഴശ്ശിരാജ പോലെയോ ആണ് മാമാങ്കമെന്ന് തെറ്റിദ്ധരിക്കരുതെന്ന് സംവിധായകന്‍ പ്രേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ രണ്ട് ചിത്രങ്ങളെയും പോലെയല്ല. മാമാങ്കത്തില്‍ പരാജയപ്പെട്ടു പോയ ഒരു ഹീറോയുടെ കഥയാണ് പറയുന്നത്. അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതത്തെ കുറിച്ചുള്ളതാണ് ഈ സിനിമ.

മാമാങ്കം ബാഹുബലിയില്‍ നിന്ന് വളരെ വ്യത്യസ്തമായ ചിത്രമാണെന്ന് മമ്മൂട്ടി മുമ്പ് വെളിപ്പെടുത്തിയിരുന്നു. വളരെക്കുറച്ച് വിഎഫ്എക്‌സും കമ്പ്യൂട്ടര്‍ ഇമേജറിയും മാത്രമേ ചിത്രത്തിനായി ഉപയോഗിച്ചിട്ടുള്ളു. ചിത്രത്തിന്റെ 80 ശതമാനത്തോളം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയതാണ്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വര്‍ക്കുകളിലൊന്നാണ് മാമാങ്കത്തിനായി ഒരുങ്ങിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

Read more

ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രാചി തെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.