കൊല്ലുമെന്ന ഭീഷണിയുമായി നിര്‍മ്മാതാവ്, ഫോണ്‍ റെക്കോഡിംഗ് പുറത്തുവിട്ട് വ്‌ളോഗര്‍; 'ബാഡ് ബോയ്‌സ്' നിര്‍മ്മാതാക്കള്‍ വിവാദത്തില്‍

നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്‌ളോഗറെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി ‘ബാഡ് ബോയ്‌സ്’ സിനിമയുടെ നിര്‍മ്മാതാവ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവും ഷീലു എബ്രഹാമുമാണ് നിര്‍മ്മിച്ചത്. എബ്രഹാം മാത്യുവാണ് ഉണ്ണി വ്‌ളോഗ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന റിവ്യൂവറെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്.

ഉണ്ണി വ്‌ളോഗ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോണ്‍ റെക്കോര്‍ഡിംഗ് ഉള്‍പ്പെടുത്തിയത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കില്‍ രാവിലെ വിവരമറിയും, ഇതൊരു താക്കീത് ആണ്, തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത്.

കാശ് മേടിച്ചാണ് ഇത്തരം റിവ്യൂ ചെയ്യുന്നത് എന്നൊക്കെയാണ് എബ്രഹാം മാത്യു പറയുന്നത്. നിര്‍മ്മാതാവിന്റെ ഭീഷണിയെ തുടര്‍ന്ന് വ്‌ളോഗര്‍ റിവ്യൂ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. തനിക്ക് പേടിയും ടെന്‍ഷനും ഉണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാന്‍ പറ്റില്ലെന്നും പുതിയ വീഡിയോയില്‍ വ്‌ളോഗര്‍ പറഞ്ഞു.

റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. നേരത്തെ ആസിഫ് അലി, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ് എന്നിവര്‍ മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പ് ആണെന്ന് പറഞ്ഞ് ഷീലു രംഗത്തെത്തിയിരുന്നു.

ഓണം റിലീസായി തിയേറ്ററില്‍ എത്തുന്ന കൊണ്ടല്‍, എആര്‍എം, കിഷ്‌കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളെ പ്രമോട്ട് ചെയ്താണ് താരങ്ങള്‍ ഒരുമിച്ച് വീഡിയോ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ മൂന്ന് പടങ്ങള്‍ മാത്രമല്ല, ബാഡ് ബോയ്‌സ് കൂടി റിലീസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു ഷീലു പ്രതികരിച്ചത്.

Read more