ഒബാമയുടെ ഫേവറിറ്റ് സിനിമ, 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' കാണൂ..; റെക്കമെന്‍ഡ് ചെയ്ത് ട്വീറ്റ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഫേവറിറ്റ് സിനിമകളുടെ ലിസ്റ്റില്‍ ഇടം പിടിച്ച് പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. 2024ല്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലാണ് ആദ്യത്തേതായി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഒബാമ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 77-ാമത് കാന്‍സ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത്.

മലയാളം, ഹിന്ദി, മറാത്തി ഭാഷകളിലാണ് ചിത്രം എടുത്തിരിക്കുന്നത്. കാനില്‍ ചിത്രം ഗോള്‍ഡന്‍ പ്രീ പുരസ്‌കാരം നേടിയിട്ടുണ്ട്. മലയാളികളായ കനി കുസൃതിയും, ദിവ്യ പ്രഭയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ അടക്കം നേടിയിട്ടുണ്ട്.

ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് കൂടാതെ കോണ്‍ക്ലേവ്, ദി പിയാനോ ലെസ്സണ്‍, ദി പ്രൊമിസ്ഡ് ലാന്‍ഡ്, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, അനോറ, ഡ്യൂണ്‍, ഡിഡി, ഷുഗര്‍കേന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ മുതലായ ചിത്രങ്ങളും 2024ലെ കണ്ടിരിക്കേണ്ട ചിത്രങ്ങളാണെന്ന് ഒബാമ പറയുന്നു. അതേസമയം, പ്രഭ എന്ന നഴ്‌സിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ക്ക് പുറമേ ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട്, ഛായ ഖദം എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍, സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.