ജയറാം ആദ്യമായി വില്ലനായി എത്തുന്ന ബാഗമതിക്ക് കേരളത്തിലും വൈഡ് റിലീസ്, തിയേറ്ററുകളിലെത്തിക്കുന്നത് ബി. ഉണ്ണികൃഷ്ണന്‍

ബാഹുബലിയ്ക്ക് ശേഷം ഏറ്റവും വലിയ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് അനുഷ്‌ക്കാ ഷെട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാഗമതി. മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന അതേ തരത്തിലുള്ള വൈഡ് റിലീസാണ് ബാഗമതിക്ക് കേരളത്തില്‍ ലഭിക്കുന്നത്. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍.ഡി. ഇലുമിനേഷന്‍സ് റിലീസാണ് കേരളത്തില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അനുഷ്‌ക്കാ ഷെട്ടി അവതരിപ്പിക്കുന്ന തകര്‍പ്പന്‍ കഥാപാത്രമായിരിക്കുമിത്. മലയാളത്തില്‍നിന്ന് ഉണ്ണി മുകുന്ദന്‍, ജയറാം, ആശാ ശരത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത് കൊണ്ടു തന്നെ മലയാളികള്‍ക്കും സിനിമയോട് പ്രത്യേക താല്‍പര്യമുണ്ടായിരിക്കും.

സാധാരണയായി കുടുംബ റോളുകളില്‍ മാത്രം കാണാറുള്ള ജയറാം കലിപ്പ് വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള ജയറാമിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ബാഗമതിയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷയില്‍ വര്‍ദ്ധനവ് വന്നിട്ടുണ്ട്. തമിഴിലും തെലുങ്കിലും ഒരേസമയത്ത് ഇറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി. അശോകാണ്.