കൈയടി നേടുന്ന ഭാവന; പ്രണയത്തിനൊപ്പം രാഷ്ട്രീയം കൂടി മുന്നോട്ട് വെച്ച് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന് പ്രശസ്തി നല്‍കിയത്. സിനിമയുടെ റിലീസ് മുമ്പ് തന്നെ ഭാവനയ്ക്ക് വെല്‍ക്കം ബാക്ക് പറഞ്ഞു കൊണ്ടായിരുന്നു ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അതേ വെല്‍ക്കം ബാക്ക് വിളികളുമായാണ് പ്രേക്ഷകരും സിനിമ ഏറ്റെടുത്തിരിക്കുന്നത്.

ഫെബ്രുവരി 24ന്, അതായത് ഇന്നലെ, മലയാളത്തില്‍ നിന്നും ഒമ്പത് സിനിമകളാണ് തിയേറ്ററുകളില്‍ എത്തിയത്. ഒരിടവേളയ്ക്ക് ശേഷം ആദ്യമായാണ് ഇത്രയധികം സിനിമകള്‍ ഒന്നിച്ച് തിയേറ്ററില്‍ എത്തുന്നത്. അതില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നതും, കണ്ടതും ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമ തന്നെയാണ്. കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിച്ചത് മികച്ച പ്രതികരണങ്ങളും.

നവാഗത സംവിധായകനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന സിനിമ പ്രണയത്തെ കുറിച്ചും വ്യക്തിബന്ധങ്ങളെ കുറിച്ചും വ്യക്തികളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Ntikkakkakkoru Premondarnn (2023) - Movie | Reviews, Cast & Release Date in kochi- BookMyShow

ഇക്കാക്കയുടെ പ്രണയത്തെ കുറിച്ച് 20 വയസിന് ഇളയതായ അനിയത്തിയുടെ നറേഷനിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സ്‌ക്രീനില്‍ ഭാവനയെ കാണിക്കുന്നത് മുതല്‍ നിത്യ മുരളീധരന്‍ എന്ന കഥാപാത്രം തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്. മലയാള സിനിമ ഇപ്പോള്‍ അധികം സംസാരിക്കാത്ത തരത്തിലുള്ള ഫീല്‍ ഗുഡ് സോഫ്റ്റ് ഡീപ് പ്രണയകഥയാണ് സിനിമ. പ്രണയം, അതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍, തിരിച്ചറിവുകള്‍ ഒക്കെ പറഞ്ഞു കൊണ്ടാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. പ്രണയമാണ് പ്രധാന വിഷയമെങ്കിലും സിനിമയില്‍ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം കൂടി സംവിധായകന്‍ പറഞ്ഞു വയ്ക്കുന്നുണ്ട്.

കഥാപാത്രങ്ങളുടെ ഡീറ്റെയ്‌ലിംഗിലും സിനിമ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഷറഫുദ്ദീന്‍ അവതരിപ്പിച്ച ജിമ്മി എന്ന കഥാപാത്രം ആശയക്കുഴപ്പങ്ങളും ഭീരുത്വവുമുള്ള ഒരാളില്‍ നിന്ന് സ്വന്തം സ്വത്വത്തെ കണ്ട് പിടിക്കുന്ന ആളിലേക്കുള്ള വളരുന്ന കഥാപാത്രമാണ്. ജിമ്മിക്ക് വീടിനെയും സമൂഹത്തെയും ഭയമാണ്. ഭാവന അവതരിപ്പിക്കുന്ന നിത്യ അനുഭവങ്ങളിലൂടെ നേടിയെടുത്ത ധൈര്യം കൈമുതലാക്കി മുന്നോട്ട് പോകുന്ന സ്ത്രീയാണ്.

ടോക്സിക് റിലേഷന്‍ഷിപ്പില്‍ നിന്ന് പുറത്തുകടക്കാനാവാതെ ഒമ്പത് വര്‍ഷം സഹിക്കുന്ന കഥാപാത്രമാണ് നിത്യ. പുരുഷാധിപത്യത്തെ പൊളിച്ചടുക്കി സ്ത്രീ ആരുടെയും അടിമയല്ലെന്ന് സിനിമ വ്യക്തമാക്കുന്നുണ്ട്. ശ്വാസം മുട്ടിക്കുന്ന ദാമ്പത്യത്തില്‍ ജീവിതം ഹോമിക്കാതെ ധൈര്യപൂര്‍വം മാറണമെന്ന വലിയൊരു സന്ദേശം കൂടി സിനിമ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചു വരവിനായി ഭാവന തിരഞ്ഞെടുത്ത വിഷയം അതിന്റെ ഗൗരവം കൊണ്ടും ശ്രദ്ധ നേടുന്നുണ്ട്. തിരിച്ചു വരവില്‍ തിളങ്ങുകയാണ് ഭാവന ഇപ്പോള്‍.