ചിത്രത്തിൽ ഇവർക്ക് പകരം ആലോചിച്ചത് മറ്റ് താരങ്ങളെ; രമണന്റെയും മുതലാളിയുടെയും ഇരുപത്തിയഞ്ച് വർഷം

ചങ്ങമ്പുഴയുടെ രമണനല്ലാതെ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത, ആഘോഷിച്ച ഒരു രമണനുണ്ടെങ്കിൽ അത്  പഞ്ചാബി ഹൗസിലെ രമണനാണ്. “മുതലാളി ഒരു ചെറ്റയാണ്” എന്ന് ഒരു മുതലാളിയുടെ മുഖത്ത് നോക്കി ആദ്യമായി പറയാൻ ധൈര്യം കാണിച്ച തൊഴിലാളി ഒരുപക്ഷേ രമണനായിരിക്കും. ഒരു ജോലി തീർത്ത്, ഒന്ന് നടു നിവർത്തുമ്പോഴേക്ക് അടുത്തത് വരുമ്പൊ  എല്ലാ മലയാളികളും  ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ‘തീരുമ്പൊ തീരുമ്പൊ പണി തരാൻ ഞാനെന്താ കുപ്പീന്ന് വന്ന ഭൂതമോ’ എന്ന് . രമണൻ എപ്പോഴും തൊഴിലാളികളുടെ പ്രതിനിധിയായിരുന്നു.  രമണനെയും മുതലാളിയെയും ഉണ്ണിയെയും മലയാളികൾക്ക് ലഭിച്ചിട്ട് 25 വർഷങ്ങൾ കഴിയുന്നു.

ഒരുകാലത്ത് മലയാളി സിനിമ പ്രേമികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമകളിലൊന്നാണ് റാഫി-മെക്കാർട്ടിൻ  സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് എന്ന സിനിമ. ഒരു ശരാശരി മലയാളി നേരിടുന്ന ജീവിത പ്രശങ്ങളെ  വെള്ളിത്തിരയിലാക്കിയപ്പോൾ മലയാളികൾ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. പലതരം ജീവിത പ്രതിസന്ധികളിലൂട്ടെ കടന്നുപോവുന്ന കഥാപാത്രങ്ങളെയാണ് പഞ്ചാബി ഹൗസിൽ നമ്മുക്ക് കാണാൻ കഴിയുന്നത്.

കടം കാരണം ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന യുവാവ്, പലിശക്കെടുത്ത പണം തിരിച്ചടക്കാനാവാതെ ആകെയുള്ളവരുമാനമാർഗമായ ബോട്ട് നഷ്ടപ്പെടുമെന്ന അവസ്ഥയിൽ നിൽക്കുന്ന മുതലാളിയും തൊഴിലാളിയും, തുടരെതുടരെ മുടങ്ങിപോവുന്ന  പെങ്ങളുടെ കല്ല്യാണം നടത്താൻ ശ്രമിക്കുന്ന പഞ്ചാബി മലയാളിയായ സിക്കന്ദർ സിങ്. അങ്ങനെ ആകെമൊത്തം പ്രശനങ്ങളുടെ പെരുമഴയാണ് സിനിമയിൽ. എന്നാൽ ഇത്തരം ദുരിതങ്ങൾക്ക് അപ്പുറം നർമ്മം ഏറ്റവും മികച്ച രീതിയിൽ സംവിധായകൻ സിനിമയിൽ ഗംഭീരമായി ഉപയോഗിച്ചു എന്നത് തന്നെയാണ് പഞ്ചാബി ഹൗസിനെ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി നിലനിർത്തുന്നത്.

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ ഉണ്ണി, രമണൻ, മുതലാളി എന്നീ കഥാപാത്രങ്ങളായി സംവിധായകൻ ആദ്യം മനസിൽ കണ്ടത് യഥാക്രമം മോഹൻലാൽ, ജഗതി, ഇന്നസെന്റ് എന്നിവരെയായിരുന്നു. ജഗതിക്കും ഇന്നസെന്റിനും ഡേറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടാണ് പിന്നീട് ദിലീപിലേക്കും  ഹരിശ്രീ അശോകനിലേക്കും കൊച്ചിൻ ഹനീഫയിലേക്കും എത്തുന്നത്. എന്തായാലും ഈ താരങ്ങൾ തന്നെ സിനിമ വമ്പൻ വിജയമാക്കി. തിയേറ്ററുകളിൽ സിനിമ എത്തി കുറച്ചുസമയത്തിനുള്ളിൽ തന്നെ വ്യാജ പ്രിന്റുകള് പുറത്തിറങ്ങിയിരുന്ന കാലമായതിനാൽ സിനിമയുടെ നിർമ്മാതാവ് സാഗരിക അപ്പച്ചൻ ക്ലൈമാക്സ് രംഗത്തിന്റെ റീലുകൾ പല സ്ഥലങ്ങളിലായാണ് സൂക്ഷിച്ചിരുന്നത് എന്ന് സംവിധായകൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

25 വർഷങ്ങൾക്കിപ്പുറവും സിനിമ പുതുമയോടെ നിലനിൽക്കുന്നു. ഒരു മടുപ്പുമില്ലാതെ മലയാളി സിനിമ പ്രേക്ഷകർ ഇന്നും പഞ്ചാബി ഹൗസ് കാണുന്നു.നിത്യജീവിതത്തിൽ എപ്പോഴെങ്കിലും നമ്മൾ പഞ്ചാബി  ഹൗസിലെ ഡയലോഗുകൾ പറയുന്നു. വിശക്കുമ്പോൾ ‘ഖാനാ ഖാനാ’ എന്നും ഹോട്ടലിൽ പോവുമ്പോൾ ‘ചപ്പാത്തി നഹി മേം ചോർ ഹെ’ എന്നും ഒരു നർമ്മത്തോടെ മലയാളികൾ പറയുന്നു. എന്നാൽ അവിടെ തീർന്നില്ല  ‘സോണിയ പോന്നോട്ടേ’, ‘മൊതലാളി ജങ്ക ജഗ ജഗാ’ എന്നും എപ്പോഴെങ്കിലും പറഞ്ഞ്  മലയാളികൾ  ചിരിക്കുന്നു. പഞ്ചാബി ഹൗസിലെ ഏതെങ്കിലും ഒരു ഡയലോഗ് ജീവിതത്തിൽ എപ്പോഴെങ്കിലും നമ്മൾ ഉപയോഗിക്കും.

എന്നാൽ തമാശകൾ ഉള്ളത്കൊണ്ട് മാത്രമല്ല സിനിമ വിജയിച്ചത്, ഇത്തരം തമാശകളും വൈകാരികപരമായ ഒരുപാട് മുഹൂർത്തങ്ങളും സമന്വയിപ്പിച്ചാണ് ചിത്രം ഇത്രത്തോളം പ്രേക്ഷകപ്രീതി നേടിയത്.

Read more

ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവരെ കൂടാതെ തിലകൻ, മോഹിനി, ജോമോൾ, ലാൽ, ജനാർദ്ദന, എൻ. എഫ് വർഗീസ്, ഇന്ദ്രൻസ് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അന്ന് അണിനിരന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് പഞ്ചാബി ഹൗസ് അതിന്റെ ജൈത്ര യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. രമണനെയും മുതലാളിയെയും പോലെയുള്ള കഥാപാത്രങ്ങൾ ഇനി പിറക്കുമോ എന്ന് സിനിമ പ്രേക്ഷകർ ഇന്നും ചർച്ച ചെയ്യുന്നു.