'ഇന്നലെ രാത്രി സംസാരിച്ചപ്പോള്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്'; കണ്ണീരോടെ മലയാള സിനിമ

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ മലയാള സിനിമാലോകം. “”ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്”” എന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

“”സിനിമ വേദിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളും സിനിമകളും സൃഷ്ഠിച്ച എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകര്‍ന്ന പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് വിട”” എന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“”മലയാളത്തിലെ സുപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയത് ഡെന്നിസ് ജോര്‍ജ്ജാണെന്ന് നിസംശയം പറയാന്‍ സാധിക്കും”” എന്നാണ് സംവിധായകന്‍ ഫാസില്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

“”വിന്‍സെന്റ് ഗോമസിനെയും കോട്ടയം കുഞ്ഞച്ചനെയും ജി.കെ യെയും ടോണി കുരിശിങ്കലിനെയും ഒപ്പം മറ്റനേകം പേരെയും അനാഥരാക്കി അയാള്‍ കടന്നു പോകുന്നു.. വിട ഡെന്നിസ് ജോസഫ് സാര്‍.. A true legend indeed.. On a personal note, പറഞ്ഞു തന്ന അനുഭവകഥകള്‍ക്ക് നന്ദി.. കടും കാപ്പിക്ക് നന്ദി.. Meeting you was an honour..”” എന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ വാക്കുകള്‍.

1985ല്‍ ജേസി സംവിധാനം ചെയ്ത ഈറന്‍ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അവസാനമായി ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.

Read more