യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

എസ്.യു അരുണ്‍ കുമാര്‍-വിക്രം കോമ്പോയില്‍ ഒരുങ്ങുന്ന ‘വീര ധീര ശൂരന്‍’ ചിത്രം വിവാദത്തില്‍. ചിത്രത്തിന്റെ പോസ്റ്ററിനെതിരെ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും കത്തിയുമായി നില്‍ക്കുന്ന വിക്രമിന്റെ ചിത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആയി എത്തിയത്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഏപ്രില്‍ 17ന് ആയിരുന്നു പോസ്റ്റര്‍ പുറത്തെത്തിയത്.

ഇരുകൈകളിലും കത്തിയുമായി നില്‍ക്കുന്ന പോസ്റ്റര്‍ യുവാക്കള്‍ക്കിടയില്‍ അക്രമം പ്രോത്സാഹിപ്പിക്കുമെന്ന് കാണിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ സെല്‍വം ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

ഈ പോസ്റ്ററിലൂടെ യുവാക്കള്‍ക്കിടയില്‍ തെറ്റായ ആശയം പ്രചരിപ്പിക്കുകയാണ് വിക്രമും സിനിമയുടെ അണിയറപ്രവര്‍ത്തകരും, അതിനാല്‍ ഐപിസി പ്രകാരവും ഐടി പ്രിവന്‍ഷന്‍ ആക്ട് പ്രകാരവും വിക്രം, സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അതേസമയം, ‘ചിത്ത’ എന്ന ചിത്രത്തിന് ശേഷം എസ്.യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന വീര ധീര ശൂരന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായാണ് രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം സെപ്തംബറില്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയും മലയാളി താരങ്ങളായ സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദുഷാര വിജയന്‍ ആണ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത്.