വഖഫ് ബില്ലിനെതിരെയുള്ള കലാപം കൈവിട്ടു; ക്രമസമാധാനം തകര്‍ന്നു; ബംഗാളിലേക്ക് കേന്ദ്ര സേനയെ വിളിച്ച് കൊല്‍ക്കത്ത ഹൈക്കോടതി; ഇന്റര്‍നെറ്റ് കണക്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തി

വഖഫ് ബില്ലിനെതിരെയുള്ള പ്രതിഷേധത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതോടെ കേന്ദ്ര സേനയെ വിളിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് മുര്‍ഷിദാബാദില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കലാപം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നും ക്രമസമാധാനം തകര്‍ന്നുവെന്ന വാദം അംഗീകരിച്ചുകൊണ്ടണ് കേന്ദ്ര സേനയെ കോടതി വിളിച്ചിരിക്കുന്നത്.

മുര്‍ഷിദാബാദില്‍ വഖഫ് ബില്ലിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വഖഫ് ബില്ലിനെതിരായി നടന്ന പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. മുര്‍ഷിദാബാദില്‍ നടന്ന പ്രതിഷേധത്തില്‍ ഇതുവരെ 110 പേര്‍ അറസ്റ്റിലായെന്നാണ് വിവരം. നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. മാള്‍ഡ, മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗനാസ്, ഹൂഗ്ലീ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മുതല്‍ പ്രക്ഷോഭം ആരംഭിച്ചത്.

അക്രമവുമായി ബന്ധപ്പെട്ട് സുതിയില്‍ നിന്ന് 70 പേരെയും സാംസര്‍ഗഞ്ചില്‍ നിന്ന് 41പേരെയും അറസ്റ്റ് ചെയ്തതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്നലെ രാവിലെയും ചിലയിടങ്ങളില്‍ സംഘര്‍ഷം തുടര്‍ന്നു. എന്നാല്‍, പ്രതികൂല സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച മുര്‍ഷിദാബാദ് ജില്ലയിലെ അക്രമ ബാധിത പ്രദേശങ്ങളില്‍ അധികൃതര്‍ നിയന്ത്രണ ഉത്തരവുകള്‍ നടപ്പിലാക്കുകയും ഇന്റര്‍നെറ്റ് കണക്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

‘സുതി, സാംസര്‍ഗഞ്ച് പ്രദേശങ്ങളില്‍ പട്രോളിങ് നടക്കുന്നു. ആരെയും എവിടെയും വീണ്ടും സംഘടിക്കാന്‍ അനുവദിക്കില്ല. ക്രമസമാധാന നില തകര്‍ക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ല’ -ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സുതിയിലെ അസ്വസ്ഥതകള്‍ക്കിടെ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്ത ഒരു കൗമാരക്കാരനെ ചികിത്സക്കായി കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി.

Read more

മമത ബാനര്‍ജി ഭരണകൂടത്തെ വിമര്‍ശിച്ച ബിജെപി, സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സഹായം അഭ്യര്‍ഥിക്കണമെന്ന് നിര്‍ദേശിച്ചു. അക്രമം നടത്തുന്നവരെ തിരിച്ചറിയാനും പിടികൂടാനും നിയമപ്രകാരമുള്ള ഏറ്റവും കഠിന ശിക്ഷകള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അധികാരികള്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.