IPL 2025: സച്ചിനുശേഷം ആര് എന്ന ചോദ്യത്തിന് അവനാണ് ഉത്തരം, ചെക്കൻ പൊളി ആണെന്ന് പറഞ്ഞപ്പോൾ നീയൊക്കെ എന്നെ ട്രോളി; യുവതാരത്തെ വാഴ്ത്തി നവ്ജ്യോത് സിംഗ് സിദ്ധു

24 കാരനായ പ്രിയാൻഷ് ആര്യയെ മഹാനായ സച്ചിൻ ടെണ്ടുൽക്കറുമായി നവ്ജ്യോത് സിംഗ് സിദ്ധു താരതമ്യം ചെയ്തത് ക്രിക്കറ്റ് വൃത്തങ്ങളിൽ അത് വലിയ രീതിയിൽ ഉള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സച്ചിനുശേഷം, ക്രിക്കറ്റ് ലോകത്ത് താൻ കണ്ട രണ്ടാമത്തെ അത്ഭുതമാണ് പ്രിയാൻഷ് എന്ന് വെറ്ററൻ ഓപ്പണർ അഭിപ്രായപ്പെടുക ആയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സ് ഓപ്പണർ സെഞ്ച്വറി നേടിയ ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായം വന്നത്. 42 പന്തിൽ നിന്ന് 9 സിക്സറുകളുടെയും 7 ഫോറുകളുടെയും സഹായത്തോടെ 103 റൺസ് നേടിയ താരം ടീമിനെ നിശ്ചിത 20 ഓവറിൽ 219/6 എന്ന സ്കോർ നേടാൻ സഹായിച്ചു. ശേഷം ചെന്നൈയെ 18 റൺസിന് പഞ്ചാബ് പരാജയപ്പെടുത്തുകയും ചെയ്തു.

ആര്യ തന്റെ ആദ്യ ഐപിഎൽ സീസണിൽ മാത്രമാണ് കളിക്കുന്നത് എന്നും കുറച്ച് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും കണക്കിലെടുത്ത് ഇങ്ങനെ പറയുന്നത് ശരിയല്ല എന്നും പറഞ്ഞാണ് ചിലർ സിധുവിനെ ട്രോളിയത്. സച്ചിൻ 24 വർഷമായി കളിച്ചിട്ടുണ്ടെന്നും അയാളുമായി ഈ പയ്യന്റെ താരതമ്യം ചെയ്യരുതെന്നും ചിലർ സിദ്ധുവിനെ ഓർമിപ്പിച്ചു.

എന്നിരുന്നാലും, സിദ്ധു താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയും ഇന്നലെ താരം ഹൈദരാബാദിനെതിരെ കളിച്ച മികച്ച ഇന്നിംഗ്‌സിനെ വാഴ്ത്തുകയും ചെയ്തു. 13 പന്തിൽ 2 ഫോറുകളും 4 സിക്സറുകളും അടക്കം 36 റൺസ് നേടിയതിന് ശേഷമാണ് അദ്ദേഹം പുറത്തായത്. പ്രഭ്സിമ്രാൻ സിങ്ങിനൊപ്പം (23 പന്തിൽ 42) 4 ഓവറിൽ അദ്ദേഹം 66 റൺസ് കൂട്ടിച്ചേർത്തു. പഞ്ചാബ് 245/6 എന്ന സ്കോർ നേടി, ശ്രേയസ് അയ്യർ (36 പന്തിൽ 82), മാർക്കസ് സ്റ്റോയിനിസ് (11 പന്തിൽ 34*) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

ആര്യയുടെ സംഭാവനകളിൽ സിദ്ധു സന്തുഷ്ടനായിരുന്നു. “അദ്ദേഹം സച്ചിൻ ടെണ്ടുൽക്കറെ പോലെയാണ്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന് 250 സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നു, ഇപ്പോൾ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 277 ആണ്. ഞാൻ അദ്ദേഹത്തെ സച്ചിനുമായി വളരെ നേരത്തെ താരതമ്യം ചെയ്തുവെന്ന് ആളുകൾ പറഞ്ഞു, പക്ഷേ ഇത് ശരിയായ സമയമാണെന്ന് എനിക്ക് തോന്നുന്നു,” അദ്ദേഹം പറഞ്ഞു.