IPL 2025: സ്വന്തം ടീമിൽ ഉള്ളവർ അല്ല, ആ എതിരാളിയാണ് എന്റെ സെഞ്ച്വറി പ്രകടനത്തിന് കാരണം; അഭിഷേക് ശർമ്മയുടെ വാക്കുകൾ ഇങ്ങനെ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സിനെതിരെ സെഞ്ച്വറി നേടിയപ്പോൾ, യുവരാജ് സിംഗിനും സൂര്യകുമാർ യാദവിനും നന്ദി പറഞ്ഞിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ. പഞ്ചാബ് ഉയർത്തിയ 246 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനായി അഭിഷേക് 55 പന്തിൽ 14 ഫോറുകളുടെയും 10 സിക്‌സറുകളുടെയും സഹായത്തോടെ 141 റൺസ് നേടി സൺറൈസേഴ്സിനെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. 18.3 ഓവറിൽ ഹൈദരാബാദ് ലക്ഷ്യം പൂർത്തിയാക്കി, 18-ാം സീസണിലെ ആറ് മത്സരങ്ങളിൽ നിന്നുള്ള അവരുടെ രണ്ടാമത്തെ വിജയം നേടി.

ഐപിഎല്ലിൽ കന്നി സെഞ്ച്വറി നേടിയ 24 കാരൻ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിഹാസ താരം യുവരാജിനും നിലവിലെ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും അദ്ദേഹം പ്രത്യേക പരാമർശം നൽകി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് 51 റൺസ് മാത്രം നേടിയ അദ്ദേഹം ഇന്നലെ മിന്നും പ്രകടനം നടത്തി ടീമിന്റെ പ്രതീക്ഷകൾ കാത്തു.

“യുവി പാജിക്ക് പ്രത്യേക പരാമർശം. ഞാൻ അദ്ദേഹത്തോട് സംസാരിക്കാറുണ്ട്” അദ്ദേഹം പറഞ്ഞു. സൂര്യകുമാർ യാദവിനും അഭിഷേക് നന്ദി പറഞ്ഞു. “സൂര്യകുമാർ യാദവ് എന്നോട് ഇപ്പോഴും സംസാരിക്കാറുണ്ട്. ഞാൻ റൺസ് നേടി ട്രാക്കിൽ വരുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹം എന്നെ പിന്തുണച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് നായകൻ ശ്രേയസ് അയ്യരുടെ 36 പന്തിൽ 82 ഉം പ്രഭ്‌സിമ്രാൻ സിങിന്റെ 23 പന്തിൽ 42 ന്റെയും പിൻബലത്തിൽ 245 എന്ന കൂറ്റൻ സ്കോർ രേഖപ്പെടുത്തിയ പഞ്ചാബ് ജയം ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ സീസണിലെ ആദ്യ മത്സരത്തിന് ശേഷം ട്രാക്കിൽ എത്താതിരുന്ന ഹൈദരാബാദിനായി ഓപ്പണർമാർ തിളങ്ങിയതോടെ അടിക്ക് തിരിച്ചടി അല്ല കൊന്ന് കൊലവിളിയാണ് പിന്നെ ആരാധകർ കണ്ടത്.

37 പന്തിൽ 66 റൺ എടുത്ത സഹഓപ്പണർ ട്രാവിസ് ഹെഡ് തകർപ്പൻ പിന്തുണയും നൽകിയതോടെ പഞ്ചാബ് ബോളർമാർക്ക് ഉത്തരമൊന്നും പറയാൻ ഇല്ലായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങി ആദ്യ പന്ത് മുതൽ പഞ്ചാബ് ബോളർമാർക്കക്ക് വയറു നിറയെ കൊടുക്കും എന്ന മട്ടിൽ ബാറ്റ് ചെയ്ത ഇരുവരും ഓരോ ഓവറുകളിലും രണ്ട് ബൗണ്ടറി എങ്കിലും ഉറപ്പാക്കി. അഭിഷേക് ആകട്ടെ ബൗണ്ടറി കൂടുതൽ അടിക്കണോ അതോ സിക്സ് കൂടുതൽ വേണോ എന്ന കൺഫ്യൂഷനിൽ മാത്രം ആയിരുന്നു. 14 ബൗണ്ടറിയും 10 സിക്‌സും ആണ് താരത്തിന്റെ 55 പന്തിൽ 141 റൺ ഇന്നിങ്സിൽ പിറന്നത്. ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സ്കോറും ഇത് തന്നെ.