ഛായാഗ്രാഹക കെആര്‍ കൃഷ്ണ അന്തരിച്ചു. 30 വയസ് ആയിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വച്ചാണ് മരണം സംഭവിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയാണ്. ഡബ്ല്യൂസിസി അംഗവുമാണ്. തെലുങ്ക് ചിത്രത്തിന്റെ ഛായാഗ്രാഹകയായിരുന്ന കൃഷ്ണ ഒരു മാസം മുമ്പ് നാട്ടില്‍ വന്നുപോയതാണ്.
രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിംഗിന് ശേഷം ജമ്മു കശ്മീരില്‍ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൃഷ്ണ അസുഖബാധിതയാകുന്നത്. ഈ മാസം 23ന് കൃഷ്ണയെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് ശ്രീനഗര്‍ ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
വാര്‍ഡിലേക്ക് മാറ്റാനിരിക്കെ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമായത്. 20-ാം വയസ്സില്‍ സിനിമാറ്റോഗ്രഫി പഠിച്ച കൃഷ്ണ, വിനീത് ശ്രീനിവാസന്‍ നായകനായ മനോഹരം എന്ന ചിത്രത്തിന്റെ സഹഛായാഗ്രാഹകയായിരുന്നു. ആദ്യം പരസ്യചിത്ര രംഗത്തായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിക്കും. ബുധനാഴ്ച സംസ്‌കാരം നടക്കും. മുമ്പ് പെരുമ്പാവൂരും കുറുപ്പംപടിയിലും ഇപ്പോള്‍ കോതമംഗലത്തും ഗിന്നസ് എന്ന പേരില്‍ കൃഷ്ണയുടെ കുടുംബം സ്റ്റുഡിയോ നടത്തുന്നുണ്ട്.