താടി ട്രിം ചെയ്ത് ലുക്ക് വരെ മാറ്റി അല്ലു അര്‍ജുന്‍, സംവിധായകനുമായി പ്രശ്‌നം? 'പുഷ്പ 2' വരാന്‍ ഇനിയും വൈകും!

വന്‍ വിജയമായ ‘പുഷ്പ: ദ റൈസ്’ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ വൈകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആവുന്നത്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഡിസംബറിലേക്ക് മാറ്റി വച്ചിരിക്കുകയാണ്. ഇതിന് പിന്നിലെ കാരണം അല്ലു അര്‍ജുനും പുഷ്പയുടെ സംവിധായകനായ സുകുമാറും തമ്മിലുള്ള പിണക്കമാണ് എന്നാണ് ചര്‍ച്ചകള്‍.

പുഷ്പ 2വിന്റെ ചിത്രീകരണം പുരോഗമിക്കവെ താരം അവധിയാഘോഷത്തിന് പോയതും ഈ അഭ്യൂഹം ശക്തമാകാന്‍ ഇടയാക്കി. അടുത്തിടെ പുഷ്പ ലുക്കില്‍ നിന്ന് വ്യത്യസ്തമായി താടി ട്രിം ചെയ്ത നിലയിലുള്ള അല്ലു അര്‍ജുന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഒരു വിമാനത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ഇതും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി. എന്നാല്‍ ഇക്കാര്യങ്ങള്‍ പുഷ്പ 2 ടീം നിഷേധിച്ചിട്ടുണ്ട്. സംവിധായകനും നായകനും തമ്മില്‍ പ്രശ്‌നമൊന്നുമില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ 2. 2021ല്‍ പുറത്തിറങ്ങി പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയം നേടിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂള്‍ എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യയില്‍ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു.

പുഷ്പ ആദ്യ ഭാഗത്തിന് സംഗീതം ഒരുക്കിയ ദേവി ശ്രീ പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതമൊരുക്കുന്നത്. സാമന്തയുടെ ഹിറ്റ് ഐറ്റം നമ്പര്‍ ആയ ‘ഉ അണ്ടവ’യുടെ മറ്റൊരു വേര്‍ഷന്‍ പുഷ്പ 2വില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാംവരവ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്നത്.

Read more