ദീപികയെ മലര്‍ത്തിയടിച്ച് അജയ് ദേവ്ഗണ്‍; 'ചപകി'ന് 4.75 കോടി, 15.10 കോടി നേടി 'തന്‍ഹാജി'

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജെഎന്‍യു സന്ദര്‍ശനം വിവാദമായതിന് പിന്നാലെയാണ് പുതിയ ചിത്രം “ചപാക്” തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ പ്രൊമോഷനായാണ് ദീപിക എത്തിയതെന്നു പോലും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രം ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനവും ബിജെപി നേതാക്കള്‍ നല്‍കിയിരുന്നു.

ചിത്രത്തിന്റെ ആദ്യ ദിനം ഈ വിവാദങ്ങള്‍ കാര്യമായി ബാധിച്ചു. 4.75 കോടി രൂപ മാത്രമാണ് ചപക് ആദ്യ ദിനം നേടിയത്. എന്നാല്‍ ചിത്രത്തിനൊപ്പം എത്തിയ “തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍” വന്‍ കുതിപ്പാണ് നടത്തിയത്. 15. 10 കോടി രൂപയാണ് അജയ് ദേവഗണ്‍ ചിത്രം നേടിയിരിക്കുന്നത്.

1500-2000 തിയേറ്ററുകളിലെത്തിയ ചപക് ആദ്യ ദിനം 5-7 കോടി വരെ നേടുമെന്നായിരുന്നു ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നത്, തന്‍ഹാജി 14 കോടിയും. ദീപികയുടെ ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷന്‍ നേടാനായില്ല. എന്നാല്‍ അജയ് ദേവ്ഗണ്‍ പ്രതീക്ഷകള്‍ മറികടന്ന് കുതിച്ചു.

Read more

മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചപാക് റിയലിസ്റ്റിക് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ഓം റൗത്താണ് തന്‍ഹാജി സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണിനൊപ്പം സെയ്ഫ് അലി ഖാന്‍, കജോള്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.