'ഭീഷ്മപര്‍വ്വം' തിരക്കഥാകൃത്തിന്റെ അടുത്ത ചിത്രം ബി ഉണ്ണികൃഷ്ണനൊപ്പം; നായകന്‍ മോഹന്‍ലാല്‍? പ്രതികരിച്ച് ദേവദത്ത്

ഭീഷ്മപര്‍വ്വം സഹരചയിതാവായ ദേവദത്ത് ഷാജിയുടെ തിരക്കഥയില്‍ സിനിമയൊരുക്കാന്‍ ബി ഉണ്ണികൃഷ്ണന്‍. സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദേവ്ദത്ത് ഷാജി പുതിയ സിനിമ ഒരുക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഇതോടെ ഈ പ്രോജക്റ്റിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാകും ഇത് എന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സത്യമല്ല എന്ന് വ്യക്തമാക്കി ദേവദത്തും ബി. ഉണ്ണികൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്. തിരക്കഥയുടെ എഴുത്തും ചര്‍ച്ചയും പുരോഗമിക്കുന്നതേയുള്ളുവെന്ന് ഇരുവരും വ്യക്തമാക്കി.

”ശ്രീ. ബി. ഉണ്ണികൃഷ്ണന്‍ സര്‍ സംവിധാനം ചെയ്യുന്ന, എന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന അടുത്ത ചിത്രത്തിന്റെ എഴുത്തും ചര്‍ച്ചകളും പുരോഗമിക്കുന്നതേയുള്ളു. ചിത്രത്തിലെ നായകനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്” എന്ന കുറിപ്പാണ് ദേവദത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

Read more

തിരക്കഥ പൂര്‍ത്തിയാവാനുണ്ടെന്നും അതിനാല്‍ തന്നെ കാസ്റ്റിംഗ് തീരുമാനിച്ചിട്ടില്ലെന്നും ബി. ഉണ്ണികൃഷ്ണനും വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ സിനിമ ഫ്‌ലോപ്പ് ആയിരുന്നു. അതുകൊണ്ട് തന്നെ ഇനി യുവ എഴുത്തുകാരുമായി സഹകരിക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.