ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് ‘ഇഡ്‌ലി കടൈ’. അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലിയ്‌ക്കൊപ്പം ഇഡ്‌ലി കടൈ 2025 ഏപ്രിൽ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് ധനുഷ്. നടൻ അരുൺ വിജയ്‍യും ധനുഷും ബോക്സിങ് റിങ്ങിനുള്ളിൽ നിൽക്കുന്ന ഒരു പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. അരുൺ വിജയ് ഒരു ബോക്‌സറായും ധനുഷിനെ റിങ്ങിനുള്ളിൽ കോർണർമാനായുമാണ് കാണിച്ചിരിക്കുന്നത്.
‘കഠിനാധ്വാനിയും അർപ്പണബോധവും ആത്മാർത്ഥതയും ഉള്ള നടനായ അരുൺ വിജയ് സഹോദരനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്’ എന്ന കുറിപ്പോടെയാണ് ധനുഷ് പോസ്റ്റർ പങ്കുവച്ചത്. നിത്യ മേനോന്‍ ആണ് ചിത്രത്തില്‍ നായിക. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജ്കിരൺ, നിത്യ മേനോൻ, സമുദ്രക്കനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിൽ ധനുഷും അഭിനയിക്കുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ഇഡ്‌ലി കടൈ നിര്‍മ്മിക്കുന്നത്. ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണിത്. ജിവി പ്രകാശ് കുമാറാണ് സംഗീതം. ചിത്രത്തെ കുറിച്ച് ജിവി പ്രകാശ് അടുത്തിടെ സംസാരിച്ചിരുന്നു. നിത്യ മേനോന്‍-ധനുഷ് കോമ്പോയിലെത്തിയ ‘തിരുച്ചിത്രമ്പലം’ പോലെ തന്നെ ഇമോഷന്‍സിന് പ്രാധാന്യം നല്‍കുന്നതാണ് ഇഡ്‌ലി കടൈ എന്നും താന്‍ സിനിമ 40 മിനിറ്റോളം കണ്ടു എന്നുമായി ജിവി പ്രകാശ് പറഞ്ഞത്.
അതേസമയം, ധനുഷ് അഭിനയിക്കുന്ന 52-ാമത്തെ ചിത്രം കൂടിയാണിത്. പ പാണ്ടി, രായന്‍ എന്നിവയാണ് ധനുഷിന്റെ സംവിധാനത്തില്‍ ഇതിനകം പുറത്തെത്തിയ ചിത്രങ്ങള്‍. നിലാവുക്ക് എന്മേല്‍ എന്നടി കോപം എന്ന ചിത്രവും ധനുഷിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.