തിരക്ക് മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ?..; പ്രസ് മീറ്റില്‍ നിര്‍മ്മാതാവിനോട് കയര്‍ത്ത് ധര്‍മ്മജന്‍! വിവാദം

വാര്‍ത്താ സമ്മേളനത്തിനിടെ നിര്‍മ്മാതാവിനോട് തട്ടിക്കയറി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ‘പാളയം പിസി’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് ധര്‍മ്മജന്‍ സംസാരിച്ചത്. ചിരകരോട്ട് മൂവിസിന്റെ ബാനറില്‍ ഡോ. സൂരജ് ജോണ്‍ വര്‍ക്കി ആണ് പാളയം പിസി നിര്‍മ്മിക്കുന്നത്.

രാഹുല്‍ മാധവ്, കോട്ടയം രമേശ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാളയം പിസി. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രസ് മീറ്റ്. ബിനു അടിമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, മഞ്ജു പത്രോസ് എന്നിവരും നിര്‍മ്മാതാവും സംവിധായകനുമാണ് പ്രമോഷന് എത്തിയത്.

എന്നാല്‍ പോസ്റ്ററില്‍ മുഖമുള്ള കഥാപാത്രങ്ങളൊന്നും എന്താണ് പ്രസ് മീറ്റിന് എത്തത് എന്ന ചോദ്യം ഉയരുകയാണ്. ഇതിന് ”മെയിന്‍ സ്ട്രീം അക്ടേഴ്‌സ് ആരും വന്നിട്ടില്ല” എന്നായിരുന്നു നിര്‍മ്മാതാവിന്റെ മറുപടി. ഈ മറുപടിയോട് ധര്‍മ്മജന്‍ പ്രതികരിക്കുകയായിരുന്നു.

”അത് എന്ത് വര്‍ത്തമാനമാണ്. അപ്പോള്‍ ഞങ്ങളാരും മെയിന്‍ സ്ട്രീം ആക്ടേഴ്‌സ് അല്ലേ. എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്?” എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് തന്നെ ധര്‍മ്മജന്‍ നിര്‍മ്മാതാവിനോട് ചോദിക്കുകയായിരുന്നു.

”എന്റെ നാക്കുളുക്കിയതാണ്, മെയിന്‍ സ്ട്രീം എന്ന് ഞാന്‍ ഉദ്ദേശിച്ചത് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെയാണ്. അവര്‍ വിട്ടുനിന്നതിനെ ന്യായീകരിക്കുകയല്ല. എല്ലാവരെയും ഒരുപോലെയാണ് ഞാന്‍ ഈ പത്രസമ്മേളനത്തിന് ക്ഷണിച്ചത്” എന്നാണ് നിര്‍മ്മാതാവ് വിശദീകരണമായി പറയുന്നത്.

എന്നാല്‍ ആദ്യം പറഞ്ഞ ആ പ്രയോഗം തങ്ങളെ വേദനിപ്പിച്ചു എന്ന് ധര്‍മ്മജന്‍ പറഞ്ഞു. ഇതിനെ മഞ്ജു പത്രോസ് പിന്തുണയ്ക്കുകയും ചെയ്തു. ഈ പ്രസ് മീറ്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ധര്‍മ്മജന് എതിരെ വിമര്‍ശനങ്ങളും എത്തുന്നുണ്ട്.