ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന സത്യം പുറംലോകമറിഞ്ഞിരിക്കുകയാണ്. മലയാള സിനിമയിൽ 15 അംഗങ്ങൾ അടങ്ങുന്ന മാഫിയ ഗ്രൂപ്പിന്റെ കീഴിലാണ് കാര്യങ്ങൾ നടന്നുപോകുന്നതെന്നും ഇവർക്ക് വേണ്ടപ്പെട്ടവരെ മാത്രമേ ഇവർ പരിഗണിക്കുന്നുവെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിലൂടെ പറയുന്നുണ്ട്
പവർ ഗ്രൂപ്പിന്റെ തലവൻ ദിലീപ് ആണെന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്. 2017-ൽ നടി ആക്രമിക്കപ്പെടുന്നതുവരെ മലയാള സിനിമയുടെ കടിഞ്ഞാൺ ദിലീപിന്റെ കയ്യിലായിരുന്നുവെന്നും പറയപ്പെടുന്നു. നടിയെ ആക്രമിച്ച കേസിൽ നിലവിൽ എട്ടാം പ്രതിയാണ് ദിലീപ്. എഎംഎംഎ അടക്കമുള്ള മലയാള സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളുടെയും നിയന്ത്രണം ദിലീപിന്റെ കയ്യിലായിരുന്നുവെന്നും, നടി ആക്രമിക്കപ്പെട്ടപ്പോഴും മലയാള സിനിമയിലെ പ്രമുഖർ ദിലീപിന്റെ കൂടെ നിന്നത് അതിന്റെ തെളിവാണെന്നും റിപ്പോർട്ടർ ടിവി വെളിപ്പെടുത്തുന്നു.
ഏത് സിനിമ എപ്പോഴൊക്കെ റിലീസ് ചെയ്യണം, നായകൻ, നായിക, സഹതാരങ്ങൾ, നിർമ്മാണം തുടങ്ങിയവർ ആരൊക്കെയായിരിക്കണം തുടങ്ങീ സിനിമയുമായി ബന്ധപ്പെട്ട ഏത് ചെറിയ കാര്യവും ദിലീപിന്റെ നേതൃത്വത്തിലുളള പവർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും റിപ്പോർട്ടർ ടിവി പറയുന്നു.
സംവിധായകൻ വിനയനെയും, പൃഥ്വിരാജിനെയും മാറ്റിനിർത്തിയതിൽ ദിലീപിന്റെ പങ്ക് വ്യക്തമാണ്, കൂടാതെ കുഞ്ചാക്കോ ബോബൻ, രമ്യ നമ്പീശൻ തുടങ്ങീ ഡബ്ല്യുസിസി അംഗങ്ങൾക്ക് വരെ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത് ദിലീപിന്റെ കളികളാണെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിനെ മുൻനിർത്തി റിപ്പോർട്ടർ ടിവി പറയുന്നു.
Read more
അതേസമയം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.