‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിനിമയില്‍ പറയുന്ന രാഷ്ട്രീയത്തിനെതിരെ കടുത്ത രീതിയിലുള്ള ആക്രണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ബിജെപി സിനിമയ്‌ക്കെതിരെ ഒരു ക്യാംപെയ്‌നും നടത്തുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സിനിമ കാണുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എങ്കിലും സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ മോഹന്‍ലാലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍. മോഹന്‍ലാല്‍ സൈന്യത്തില്‍ തുടരാന്‍ ഇനി അര്‍ഹനല്ല എന്നാണ് രാമസിംഹന്‍ പറയുന്നത്.
ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രാമസിംഹന്‍ ഇത് കുറിച്ചത്. 2009ല്‍ ആണ് ഇന്ത്യന്‍ സൈന്യം മോഹന്‍ലാലിന് ഓണററിയായി ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. പൃഥ്വിരാജിന് എതിരെയും സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്.
അതേസമയം, സിനിമ കാണുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രം ശുദ്ധ അസംബന്ധവും ഭീകരസംഘടനകളെ വെള്ളപൂശാനുള്ളതുമാണ് എന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥിന്റെ പ്രതികരണം.
പ്രമേയത്തിലും കഥാപാത്രങ്ങളിലും ബിജെപി വിമര്‍ശനമുണ്ടെന്ന അവലോകനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങളോടെയാണ് എമ്പുരാന്‍ പ്രദര്‍ശനം തുടരുന്നത്.
ചിത്രം ഓപ്പണിങ് ദിനത്തില്‍ 22 കോടി രൂപ നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോള്‍ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടി എന്നാണ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക് പറയുന്നത്. കന്നഡ, ഹിന്ദി പതിപ്പുകള്‍ യഥാക്രമം അഞ്ച് ലക്ഷവും 50 ലക്ഷവും നേടിയതായും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നുണ്ട്.