പഴയ പ്രതാപത്തിലേക്ക് വിനയന്‍; റിലീസിന് മുമ്പേ പ്രേക്ഷക പ്രശംസ നേടി 'ആകാശഗംഗ 2'

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായിരുന്നു വിനയന്റെ സംവിധാനത്തില്‍ ദിവ്യ ഉണ്ണി-റിയാസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആകാശഗംഗ. ചിത്രമിറങ്ങി ഇരുപത് വര്‍ഷത്തിന് ശേഷം ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് വിനയന്‍. ചിത്രത്തിലൂടെ പഴയ പ്രതാപത്തിലേക്ക് ഒരു മടങ്ങിവരവായിരിക്കാം വിനയന്‍ ലക്ഷ്യം വെയ്ക്കുന്നത്. അതിനായുള്ള ആദ്യ ചുവടുവെയ്പ്പായ ചാലക്കുടിക്കാരന്‍ ചങ്ങാതി വിജയമായി. ഇനി പ്രേക്ഷകര്‍ സ്വീകരിക്കേണ്ടത് ആകാശഗംഗ 2. ചിത്രത്തിനായി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റേതായി അടുത്തിറങ്ങിയ ട്രെയിലര്‍ തന്നെയാണ് ഇതിന് ഉത്തമ ഉദാഹരണമായി ചൂണ്ടികാണിക്കാവുന്നത്. പുറത്തിറങ്ങി മുന്നു ദിനം പിന്നിടുമ്പോള്‍ ട്രെയിലര്‍ കണ്ടിരിക്കുന്നത് 10 ലക്ഷത്തിന് മേല്‍ ആള്‍ക്കാരാണ്. യൂട്യൂബ് ട്രെന്‍ഡിംഗിലും ട്രെയിലറുണ്ട്. ഹൊറര്‍ ചിത്രത്തോടുള്ള പ്രേക്ഷകരുടെ ആകാംക്ഷയെയും ഇഷ്ടത്തേയും വിനയന്‍ എന്ന സംവിധായകനിലുള്ള നഷ്ടപ്പെടാത്ത വിശ്വാസത്തേയുമാണ് ഇത് വ്യക്തമാക്കുന്നത്. ആദ്യ ഭാഗത്തിലെന്ന പോലെ ഹൊററും കോമഡിയും മിക്‌സ് ചെയ്ത ഒരു ട്രീറ്റുമെന്റാണ് രണ്ടാം ഭാഗത്തിലുമുള്ളത് എന്നാണ് വിനയന്‍ പറയുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. 14 ലക്ഷത്തിനടുത്ത് കാഴ്ചക്കാരാണ് ടീസറിന് ഇതുവരെ ഉള്ളത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതുമഴയായി എന്ന ഗാനത്തിന്റെ റീമേയ്ക്കും ഏറെ സ്വീകരിക്കപ്പെട്ടു. ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് രണ്ടാം ഭാഗത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബേണി ഇഗ്‌നേഷ്യസ് സംഗീതം നല്‍കിയ ഗാനത്തിന്റെ റീമിക്സ് വേര്‍ഷന്‍ പാടിയിരിക്കുന്നത് ആകാശ ഗംഗയിലെ നായകന്‍ റിയാസിന്റെ ഭാര്യ ഷബ്നമാണ്.

മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്യശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്. പ്രസവത്തോടെ മായത്തമ്പുരാട്ടി മരിക്കുന്നു. ആതിര എന്ന എം.ബി.ബി.എസ് വിദ്യാര്‍ഥിനിക്ക് ഇരുപതു വയസ്സ്. തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. പുതുമുഖം ആരതിയാണ് രണ്ടാം ഭാഗത്തില്‍ നായിക. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.