ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ വി.കെ പ്രകാശ് അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടു

ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ വി.കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. യുവ കഥാകൃത്തിന്റെ പരാതിയില്‍ കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി വി.കെ പ്രകാശ് മൊഴി നല്‍കി.

കേസില്‍ ഹൈക്കോടതി വി.കെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 2022ല്‍ കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ സിനിമയുടെ കഥ പറയാന്‍ എത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് യുവതിയുടെ പരാതി. അഭിനയത്തില്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.

പിന്നാലെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. പിറ്റേ ദിവസം ഫോണില്‍ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടു. കാര്‍ വാടകയ്ക്ക് എന്ന പേരില്‍ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് തനിക്ക് 10,000 രൂപ അയച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി നിര്‍ദേശപ്രകാരം ജാമ്യത്തില്‍ വിടുകയുമായിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഈ മൊഴിപ്പകര്‍പ്പ് ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ പള്ളിത്തോട്ടം പൊലീസ് കൈമാറും.

Read more