ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ ‘അമ്മ’യുടെ പ്രതിനിധികളായി സ്ത്രീകളാരുമില്ല. പകരം പങ്കെടുക്കുന്നത് മൂന്ന് പേര്‍. താരസംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരുമായാണ് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചര്‍ച്ച നടത്തുക.
വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് അന്തിമ ഘട്ടത്തിലെത്തൂയെന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരമാണ് അഭിനേതാക്കളുടെ സംഘടനയുമായും ചര്‍ച്ച നടത്തുന്നത്.
‘അമ്മ’യുടെ പ്രതിനിധികളായി സര്‍ക്കാരിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മൂന്ന് പേരും പ്രത്യക്ഷമായി ദിലീപ് അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റിയവരാണ് സിദ്ദിഖും ഇടവേള ബാബുവും.
Read more
ഇരുവരുടേയും മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നതായും ദിലീപ് തന്റെ സിനിമാ അവസരങ്ങള്‍ തട്ടിക്കളയുന്നതായും ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നാണ് ഇടവേള ബാബു ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. പക്ഷെ, കോടതിയില്‍ എത്തിയപ്പോള്‍ തനിക്ക് ഓര്‍മ്മയില്ല എന്ന് ഇടവേള ബാബു മൊഴി മാറ്റിയിരുന്നു.