തെന്നിന്ത്യന്‍ സിനിമകളില്‍ ഗ്ലാമറസ് വേഷങ്ങളില്‍ തിളങ്ങിയ താരമാണ് മുംതാസ്. ഖുഷി, താണ്ഡവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മുംതാസ് അഭിനയിച്ചിട്ടുണ്ട്. സിനിമ വിട്ട് നടി ആത്മീയതയിലേക്ക് തിരിഞ്ഞിരുന്നു. താന്‍ മരിച്ചാല്‍ ആരും തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുംതാസ് ഇപ്പോള്‍.
”എന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ കൈ നിറയെ പണം കിട്ടിയാല്‍ എന്റെ എല്ലാ സിനിമയുടെയും റൈറ്റ്‌സ് ഞാന്‍ വാങ്ങുമായിരുന്നു. ഗ്ലാമറസ് ഫോട്ടോകള്‍ എല്ലാം നീക്കം ചെയ്യും. എന്നെ ആരും ഗ്ലാമറസ് വേഷങ്ങളില്‍ കാണാന്‍ പാടില്ല.”
”ഇതൊന്നും നടക്കില്ലെന്ന് അറിയാം. നാളെ ഞാന്‍ മരിച്ച് പോയാല്‍ എന്റെ ഗ്ലാമറസ് ആയ മോശപ്പെട്ട ഫോട്ടോകള്‍ ആരും പോസ്റ്റ് ചെയ്യരുത് എന്ന അഭ്യര്‍ത്ഥനയുണ്ട്. എനിക്ക് വേണ്ടി അത് നിങ്ങള്‍ ചെയ്യണം. ഇല്ലെങ്കില്‍ എന്റെ മനസ് വല്ലാതെ വേദനിക്കും” എന്നാണ് മുംതാസ് ഗലാട്ട മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
വിജയ്-ജ്യോതിക ചിത്രം ഖുഷിയിലൂടെ മുംതാസ് ഏറെ ശ്രദ്ധ നേടിയിരുന്നു. 1999ല്‍ മോനിഷ എന്‍ മോണാലിസ എന്ന ചിത്രത്തിലൂടെയാണ് മുംതാസ് അഭിനയരംഗത്ത് എത്തുന്നത്. 2009ല്‍ സിനിമ വിട്ട മുംതാസ് തമിഴ് ബിഗ് ബോസില്‍ മത്സരിച്ചിരുന്നു. പിന്നീട് പൂര്‍ണമായും ആത്മീയതയിലേക്ക് തിരിയുകയായിരുന്നു.