ഇഡി പണി തുടങ്ങി, 'എമ്പുരാന്‍' വെട്ടിയിട്ടും പൂട്ടി; നിര്‍മ്മാതാവിന്റെ ഓഫീസുകളില്‍ റെയ്ഡ്

‘എമ്പുരാന്‍’ സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

ഗോകുലം ഗോപാലനും ആന്റണി പെരുമ്പാവൂരും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമ ‘എമ്പുരാന്‍’ 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. സിനിമ കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്.

അതേസമയം, എമ്പുരാന്‍ സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെ 24 കട്ടുകളോടെ സിനിമ റീ എഡിറ്റ് ചെയ്തിരുന്നു. റീ എഡിറ്റ് ചെയ്ത വേര്‍ഷനാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചത്.

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്നതും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളുടെയും സീനുകള്‍ കട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ബജ്രംഗി എന്ന വില്ലന്റെ പേര് ബല്‍ദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ചിത്രത്തിന്റെ താങ്ക്സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇത് തന്റെ നിര്‍ദേശപ്രകാരമാണെന്ന് സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

Read more