പ്രിയനും സുരേഷും  രഞ്ജിത്തും  ഡെന്നിസിന്റെ അടുത്ത സുഹൃത്തുക്കൾ, സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ അവരെ  പറഞ്ഞേൽപ്പിക്കുമല്ലോ!

അന്തരിച്ച ചലച്ചിത്ര പ്രതിഭ ഡെന്നിസ് ജോസഫിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നതരത്തിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ സുഹൃത്തും സഹപ്രവർത്തകനുമായ ഏലിയാസ് ഈരാളി.

അദ്ദേഹത്തിന്റെ വാക്കുകൾ

Read more

ഡെന്നിസിന്റെ ആത്മമിത്രമാണ് പ്രിയദർശൻ. ഒരുപാടു സ്വകാര്യദുഃഖങ്ങൾ പോലും പങ്കിടുന്നവരാണ്. ഡെന്നിസ് മരിച്ച വിവരം എന്നെ ആദ്യം വിളിച്ച് അറിയിക്കുന്നത് രഞ്ജിത്താണ്. അടുത്തത് വരുന്നത് പ്രിയന്റെ ഫോണാണ്. ഏങ്ങലടിച്ച് കരഞ്ഞുകൊണ്ടാണ് പ്രിയൻ എന്നോടു സംസാരിച്ചത്. സംസാരിക്കാൻ വാക്കുകൾ പോലുമില്ലാത്ത അവസ്ഥ. അത്ര ബന്ധമാണ് അവർക്കു തമ്മിൽ! രണ്ടു ദിവസത്തെ ഇടവേളയിലൊക്കെ വിളിച്ചു സംസാരിക്കുന്ന അത്രയും അടുപ്പം സൂക്ഷിക്കുന്നവരായിരുന്നു. ആ കൂട്ടുകെട്ട് ചില്ലറ കൂട്ടുകെട്ടല്ല. ഒരുപാടു കാര്യങ്ങൾ എനിക്ക് അറിയാം. പ്രിയന്റെ ഫോൺ കോളിനു ശേഷം എന്നെ വിളിക്കുന്നത് നിർമാതാവ് സുരേഷ് കുമാറാണ്. പ്രിയനാണെങ്കിലും സുരേഷ് ആണെങ്കിലും രഞ്ജിത്താണെങ്കിലും ഇവരെല്ലാം ഡെന്നിസിന്റെ അടുത്ത സുഹൃത്തുക്കളാണ്. അങ്ങനെ സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ ഈ സുഹൃത്തുക്കളെ ഡെന്നിസ് പറഞ്ഞേൽപ്പിക്കുമല്ലോ! അവർക്ക് അത് നിസാരമായ കാര്യമാണ്. ഡെന്നിസിന്റെ കുടുംബത്തിലുള്ളവർ പോലും ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. ഇത്തരം വ്യാജപ്രചാരണം നടത്തുന്നത് തികച്ചും ക്രൂരമാണ്.