തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറെടുത്ത് സംവിധായകന് ബാലചന്ദ്രമേനോന്. 2018ല്‍ തിയേറ്ററുകളില്‍ റിലീസിനെത്തിയ എന്നാലും ശരത് എന്ന ചിത്രമാണ് ബാലചന്ദ്ര മേനോന് ഡിജിറ്റല്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയ്സിലൂടെ ഡിസംബര്‍ ഒന്‍പതിനാണ് എന്നാലും ശരത് റിലീസ് ആകുന്നത്.
കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ബാലചന്ദ്ര മേനോന്. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ‘എന്നാലും ശരത്’ എന്ന ചിത്രവുമായി 2018ല്‍ എത്തിയത്. പുതിയകാലത്തിന്റെ മാറ്റങ്ങളോടെ എത്തിയ ആ ചിത്രത്തിന് പ്രളയവും മഴയും തടസ്സമായി. ഡിജിറ്റല്‍ റിലീസിലൂടെ തന്റെ സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
എലിസബത്ത് എന്ന അനാഥയായ പെണ്‍കുട്ടിയെ കേന്ദ്രികരിച്ചാണ് ഈ കഥ വികസിക്കുന്നത്. ആരംഭത്തില്‍ തന്നെ അവള് മരണപ്പെടുന്നു. കൊലപാതക സൂചനകള്‍ ലഭിക്കുന്ന പൊലീസ് കേസ് അന്യേഷണം തുടങ്ങുന്നു. തുടര്‍ന്ന് എലിസബത്തിനെ ചുറ്റിപറ്റിയുള്ള ചില ഫ്ളാഷ്ബാക്ക് രംഗങ്ങള്‍. അവളുടെ സുഹൃത്ത് മിഷേല്‍, ശരത്ത്, സാം എന്നീ കഥാപാത്രങ്ങള്‍ കടന്നുവരുന്നു.
Read more
ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ നിധി അരുണ്‍, നിത്യാ നരേഷ്, ചാര്‍ളി ജോ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ലാല്‍ജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തന്, അഖില്‍ വിനായക് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സാം എന്ന ഡോക്ടറുടെ വേഷത്തില്‍ ബാലചന്ദ്ര മേനോനും പതിവ് പോലെ സിനിമയിലെ മര്‍മ്മപ്രധാനമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. റഫീക്ക് അഹമ്മദ്, ഹരിനാരായണന് എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന് ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലര്‍ത്തുന്നവയാണ്. സേഫ് സിനിമാസിന്റെ ബാനറില്‍ ആര്. ഹരികുമാര്‍ ആണ് നിര്‍മാണം.