മുസ്ലീം പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളായിട്ടും തനിക്കായി ആളുകള്‍ ക്ഷേത്രം പണിതു; എല്ലാവരെയും തുല്യരായി കാണുകയെന്നത് സനാതന ധര്‍മ്മം: ഖുശ്ബു

സനാതന ധര്‍മ്മത്തെ കുറിച്ചുള്ള തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ദേശീയ വനിതാ കമ്മിഷന്‍ അംഗവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദര്‍ രംഗത്ത്. മുസ്ലീം പശ്ചാത്തലമുള്ള തനിക്ക് ആളുകള്‍ ക്ഷേത്രം പണികഴിപ്പിച്ചു. അതാണ് സനാതന ധര്‍മ്മമെന്ന് ഖുശ്ബു എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

‘ഞാന്‍ ഒരു മുസ്ലീം പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളാണ്. എന്നിട്ടും ആളുകള്‍ എനിക്കായി ക്ഷേത്രം പണിതു. അതാണ് സനാതന ധര്‍മ്മം. എല്ലാവരെയും തുല്യരായി കാണുക. വിശ്വാസം, ബഹുമാനം, സ്‌നേഹം എന്നതാണ് സനാതന ധര്‍മ്മത്തിന്റെ തത്വം. ഈ സത്യം ഡികെ ചെയര്‍മാന്‍ കെ വീരമണി അംഗീകരിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പരാജയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനുള്ള അവരുടെ മുടന്തന്‍ ന്യായം മാത്രം.’ എന്നിങ്ങനെയാണ് ഖുശ്ബു എക്‌സില്‍ കുറിച്ചത്.

Read more

എന്നാല്‍ സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തമിഴ്‌നാട് യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി കൂടിയായ ഉദയനിധി സ്റ്റാലിന്‍ ആവര്‍ത്തിച്ചു. താന്‍ വംശഹത്യയെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.