വിഷുവിന് ഫഹദ് ഫാസില്‍, സായി പല്ലവി, പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയ വന്‍ താര നിരയുമായെത്തുന്ന “അതിരന്‍”നാലു നവാഗതരുടെ സിനിമ കൂടിയാണ്. സംവിധായകനായ വിവേക്, ഛായാഗ്രാഹകനായ അനു മൂത്തേടത്ത്, സംഗീത സംവധായകനായ വി.എസ്. ജയഹരി, കലാസംവിധായകനായ വിനോദ് അരവിന്ദ്. വിനോദ് തമിഴ് നാട്ടില്‍ നിന്നും വന്ന് ചെന്നൈ കേന്ദ്രീകരിച്ചു സിനിമാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അനു മൂത്തേടത്ത് മൂംബൈയില്‍ നിന്നും ജയഹരി തിരുവനന്തപുരത്തു നിന്നും വരുന്നു. നാലുപേരും ഒരു നല്ല സിനിമ സ്വപ്‌നം കണ്ട് ഈ മേഖലയിലേക്കു വന്നരാണ്. എല്ലാവര്‍ക്കും ഓരോരോ സിനിമാസംരംഭങ്ങളുമായി കടന്നു വരാന്‍ അവസരങ്ങള്‍ ഒരുങ്ങിയിരുന്നുവെങ്കിലും അതൊന്നും നടന്നില്ല. “അതിരനി”ല്‍ ആണ് ഇവര്‍ക്ക് ഒന്നിക്കാനായത്.
“ഏതായാലും വേറിട്ട വഴികളിലൂടെ ഞങ്ങള്‍ കുറേ അലഞ്ഞെങ്കിലും ഒരേ സിനിമയിലൂടെ തന്നെ ഞങ്ങള്‍ക്ക് രംഗ പ്രവേശം ചെയ്യാനായതില്‍ സന്തോഷമുണ്ട്””- അതിരന്റെ സംവിധായകന്‍ വിവേക് പറഞ്ഞു. നാലുപേരും പരസ്യ-ടെലിവിഷന്‍ മാധ്യമരംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയം നേടിയവരാണ്. ഏപ്രില്‍ 12ന് മമ്മൂട്ടിയുടെ “മധുരരാജ”യോട് എതിരിടാനെത്തുന്ന “അതിരന്‍” ഫഹദ് ഫാസിലിന്റെ നടനചാതുരിയുടെ വ്യത്യസ്തമായൊരു മുഖം കാണാമെന്നു പ്രതീക്ഷിക്കപ്പെടുന്നു. സായി പല്ലവിയുടെ അഭിനയജീവിതത്തിലും “അതിരന്‍” ശ്രദ്ധേയമായ അടയാളപ്പെടുത്തലാകും.
Read more
ഹൈറേഞ്ചിന്റെ മനോഹാരിതയും എന്നാല്‍ നിഗൂഢതകളും ഒപ്പിയെടുത്ത ദൃശ്യങ്ങളിലൂടെ ഉദ്വേഗ ജനകമായ ഒരു കഥ പറയുകയാണ് സംവിധായകനായ വിവേക്. സംവിധായകന്റെ കഥയ്ക്ക് പ്രശസ്ഥ സാഹിത്യകാരനും തിരക്കഥാകൃത്തുമായ പി. എഫ് മാത്യൂസ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ഈ.മാ.യൗ”നു ശേഷം പി.എഫ് മാത്യൂസ് തിരക്കഥയെഴുതുന്ന ചിത്രമെന്ന നിലയിലും “അതിരന്‍” ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു മലയാളത്തിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ സെഞ്ച്വറി ഫിലിംസിനു വേണ്ടി രാജുമാത്യുവും കൊച്ചുമോനും ചേര്‍ന്നാണ് “അതിരന്‍” നിര്‍മിക്കുന്നത്.