വേറിട്ട ദൃശ്യാനുഭവമായി 'അതിരന്‍'; വിജയകരമായി പ്രദര്‍ശനം തുടര്‍ന്ന് ഫഹദ് ചിത്രം

പതിവു സിനിമാസങ്കല്‍പ്പത്തിന്റെ അതിരുകള്‍ മറികടന്ന് ഫഹദ് ഫാസില്‍ ചിത്രം അതിരന്‍ പുറത്തിറങ്ങി അഞ്ചാം ദിനവും വിജയകരമായി പ്രദര്‍ശനം തുടരുന്നു. വേറിട്ട ദൃശ്യാനുഭവമായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പതിവു പോലെ തന്നെ ഫഹദ് പ്രേക്ഷകരെ വിസ്മയിപ്പിച്ചപ്പോള്‍ ഓട്ടിസ്റ്റിക് ആയൊരു പെണ്‍കുട്ടിയുടെ ശരീരഭാഷയിലൂടെയും കളരിയടവിലൂടെയും സായ് പല്ലവിയും പ്രേക്ഷകരുടെ പ്രശംസ നേടിയെടുത്തിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം സായ് പല്ലവി മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയായിരുന്നു അതിരന്‍. മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും ആണ് അതിരന്റെ കഥാ പശ്ചാത്തലം. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. നവാഗതനായ വിവേക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് പി.എഫ് മാത്യൂസാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിനും സായ് പല്ലവിക്കും പുറമെ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, നന്ദു, പി.ബാലചന്ദ്രന്‍, ലെന, വിജയ് മേനോന്‍, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ്, ശിവദാസ്, രാജേഷ് ശര്‍മ്മ, വി.കെ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Read more

അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പി.എസ്. ജയഹരി സംഗീതവും ജിബ്രാന്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്ന സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാനാണ് നിര്‍വഹിക്കുന്നത്.