‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന് പിന്നാലെ മറ്റൊരു ചിത്രം കൂടി ഇപ്പോൾ തമിഴകത്ത് വിവാദം സൃഷ്ടിക്കുകയാണ്. ‘ഫർഹാന’ എന്ന ചിത്രമാണ് സംസ്ഥാനത്തെ ഇസ്ലാമിക സംഘടനകളുടെ രോഷത്തിന് ഇടയാക്കിയിരിക്കുന്നത്. ഫർഹാന എന്ന മുസ്ലീം സ്ത്രീയെ കേന്ദ്രീകരിച്ചുള്ള സിനിമയാണിത്. ഇന്ത്യൻ നാഷണൽ ലീഗ് സിനിമയെ ‘ഇസ്ലാം വിരുദ്ധം’ എന്ന് വിശേഷിപ്പിക്കുകയും ചിത്രം മുസ്ലീം സമുദായത്തെ ഒരു പ്രത്യേക രീതിയിൽ ചിത്രീകരിക്കുകയും ചെയ്തുവെന്ന് ആരോപിച്ചിരിക്കുകയാണ്. ഐഎൻഎൽ നേതാവ് ടാഡ ജെ അബ്ദുൾ റഹീം ചിത്രം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തു.
ലോകമെമ്പാടും ബുർഖ ധരിച്ച് ലൈംഗികത്തൊഴിൽ ചെയ്യുന്ന ഒരു മുസ്ലീം സ്ത്രീയെ ചിത്രീകരിക്കുന്നതാണ് സിനിമയുടെ ടീസർ. അക്രമാസക്തമായ ഹിന്ദുത്വ രാഷ്ട്രീയം ഇസ്‌ലാമിക സംസ്‌കാരത്തിന് അപമാനമാണ് എന്നും ഐഎൻഎൽ നേതാവ് തന്റെ പരാതിയിൽ പറയുന്നുണ്ട്. മുസ്ലീം സമുദായത്തിന്റെ പ്രതിഷേധം ചൂട് പിടിച്ചതോടെ സിനിമയിൽ ‘ഫർഹാന’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഐശ്വര്യ രാജേഷിന്റെ വീടിനു പുറത്ത് പോലീസ് കമ്മീഷണർ ശങ്കർ ജിവാളിന് പോലീസ് സേനയെ വിന്യസിക്കേണ്ട അവസ്ഥ വരെയെത്തി. ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്ക്കെതിരെ ശബ്ദമുയര്‍ത്തിയത്.
‘ഫർഹാന’ എന്ന സിനിമ മുസ്ലീം സ്ത്രീകളെ മാത്രമല്ല, രാജ്യത്തെ മുഴുവൻ സ്ത്രീ സമൂഹത്തെയും അപമാനിക്കുന്നതാണ് എന്നാണ് മുസ്ലീം മുന്നേറ്റ കഴകം നേതാവ് എം എച്ച് ജവാഹിറുള്ള ചിത്രത്തെ എതിർത്ത് പറഞ്ഞത്. ഇതോടെ തിരുവാരൂർ ജില്ലയിൽ മുസ്ലിം മുന്നേറ്റ കഴകം പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചിത്രത്തിനെതിരായ വൻ പ്രതിഷേധത്തെ തുടർന്ന് തമിഴ്‌നാട്ടിൽ സിനിമയുടെ പ്രദർശനം റദ്ദാക്കുന്നതായി ചില തിയേറ്ററുകൾ അറിയിക്കുകയും ചെയ്തു.
യാഥാസ്ഥിതികനായ പിതാവിനെ ധിക്കരിക്കുകയും കുടുംബം നോക്കാനായി ഒരു കോൾ സെന്ററിൽ ജോലി ചെയ്യാൻ തുടങ്ങുന്ന വിവാഹിതയായ ഫർഹാന എന്ന മുസ്ലിം യുവതിയുടെ കഥയാണിത്. കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന യുവതി, ഫോൺ സെക്‌സ് ചാറ്റ് ജോലിയിൽ എത്തുന്നതോടെ യുവതിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സെക്‌സ് ടോക്ക് ചെയ്യുന്ന ഒരു കഥാപാത്രത്തിനായി സിനിമ ഒരു മുസ്ലീം സ്ത്രീയെ തെരെഞ്ഞെടുത്തു എന്നതാണ് സിനിമ വിവാദത്തിൽ പെടാനുള്ള പ്രധാന കാരണം.
മെയ് 12ന് ആണ് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. അതേസമയം, ഫര്‍ഹാന ഒരു മതത്തിനും എതിരല്ലെന്ന് സംവിധായകനും നിര്‍മ്മാതാക്കളും വ്യക്തമാക്കി കഴിഞ്ഞു. ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. നെൽസൺ വെങ്കിടേശനാണ് സംവിധാനം. ഐശ്വര്യ രാജേഷ്, അനുമോൾ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചെന്നൈയിലെ മുസ്‌ലിം ആധിപത്യ പ്രദേശമായ ട്രിപ്ലിക്കെയ്‌നിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഈ വർഷം ഏറെ പ്രതിഷേധങ്ങൾ നേരിട്ട് തീയറ്ററുകളിൽ എത്തിയ ബോളിവുഡ് ചിത്രമാണ് ‘ദ കേരള സ്റ്റോറി’. വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലായിരുന്നു സിനിമയുടെ റിലീസ്. കേരളത്തിലും തമിഴ്‌നാട്ടിലും വലിയ രീതിയിലാണ് ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നത്. എന്നാൽ മെയ് 5ന് റിലീസ് ചെയ്ത ചിത്രം വിലക്കുകളെയും വിവാദങ്ങളെയും മറികടന്ന് ബോക്‌സോഫീസിൽ മുന്നേറി കൊണ്ടിരിക്കുകയാണ്.
‘ദ കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ആക്രമിക്കപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകൾക്കും പൊലീസ് സംരക്ഷണം ഒരുക്കുകയും ചെയ്‌തിരുന്നു. കേരളത്തിൽ നിലവിൽ വിരലിലെണ്ണാവുന്ന തിയേറ്ററുകളിൽ മാത്രമേ ചിത്രം പ്രദർശിപ്പിക്കുന്നുള്ളു. ഒരു കോളേജ് കാമ്പസിലെ മൂന്ന് പെൺകുട്ടികളെ സുഹൃത്ത് മതം മാറാൻ പ്രേരിപ്പിക്കുന്നതും ഒടുവിൽ തീവ്രവാദ സംഘടനയായ ഐഎസ്ഐഎസിൽ ചേരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Read more
രാജ്യത്ത് വിവാദമായ ദ കേരള സ്റ്റോറിക്ക് പിന്നാലെ ഇപ്പോൾ ഫർഹാനയും ശ്രദ്ധ നേടുകയാണ്. രണ്ട് ചിത്രങ്ങളിലും മതം തന്നെയാണ് പ്രശ്നക്കാരനായി വന്നത് എന്നതുകൊണ്ട് ‘ഫർഹാന’ ഇനി എന്തൊക്കെ നേരിടേണ്ടി വരുമെന്ന് കണ്ടറിയണം !