നാദിര്‍ഷായുടെ സിനിമ ‘ഈശോയ്ക്ക് എതിരെ ക്രിസ്ത്യന്‍ സംഘടനകളും മതവിശ്വാസികളും രംഗത്ത് വന്നിരുന്നു. പിന്നാലെ നിമിഷയും റോഷനും ഒന്നിക്കുന്ന ‘ചേര’ എന്ന ചിത്രത്തിന് നേരെ രൂക്ഷ വിമര്‍ശനമുണ്ടായി. ഇപ്പോഴിതാ വളര്‍ന്ന് വരുന്ന ക്രിസ്ത്യന്‍ മതമൗലിക വാദത്തിനെതിരെ സെന്റ് ജോര്‍ജ്ജ് പുത്തന്‍പള്ളിയുടെ സഹ വികാരിയും എറണാകുളം- അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ ഫാ. ജയിസം പനവേലില്‍ രംഗത്ത് വന്നിരിക്കുകയാണ്. സിനിമയെ മതത്തിന്റെ വേലിക്കെട്ടില്‍ നിന്നു കൊണ്ട് വിമര്‍ശിക്കുന്നവര്‍ക്കെതിരെയാണ് വൈദികന്റെ പ്രതികരണം.
. ഈമയൗ, ആമേന്‍, ഹല്ലേലുയ്യ തുടങ്ങിയ സിനിമകളൊക്കെ ഇറങ്ങിയപ്പോള്‍ മൗനം പാലിച്ച ക്രിസ്ത്യാനി നാദിര്‍ഷായുടെ ‘ഈശോ’യ്‌ക്കെതിരെ വാളെടുത്തിരിക്കുകയാണെന്ന് വൈദികന്‍ പരിഹാസത്തോടെ പറയുന്നു. പണ്ട് നമ്മള്‍ ഇങ്ങനെയായിരുന്നില്ലെന്നും ഇപ്പോഴത്തെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയിരിക്കുന്ന പുതിയ പേരാണ് ‘ക്രിസംഘി’ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രണ്ടാഴ്ച മുമ്പാണ് നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമയ്ക്ക് പേരു വീണത്, ഈശോ. ഈ പേര് വീണതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും പല സിനിമകള്‍ക്കും പേര് വീണിട്ടുണ്ട്. ഈമയൗ (ഈശോ മറിയം യൗസേപ്പേ), ആമേന്‍, ഹല്ലേലുയ്യ, എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി വാളെടുത്തിറങ്ങിയിരിക്കയാണ്. സമൂഹ മാധ്യമങ്ങളില്‍ നമുക്ക് പേര് വീണു. അറിയില്ലെങ്കില്‍ പറയാം, ക്രിസംഘി. നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. ഫാ ജയിംസ് പനവേലില്‍ പറയുന്നു.
Read more
‘മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. അങ്ങനെ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസ്സിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്.’ അദ്ദേഹം വ്യക്തമാക്കി.