ഒരു ഫുട്ബോള്‍ വാങ്ങാന്‍ വേണ്ടി ഒരു സംഘം കൊച്ചുകൂട്ടുകാര്‍ നടത്തിയ ഗൗരവകരമായ മീറ്റിംഗായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന വീഡിയോ. തിങ്കള്‍ തൊട്ട് ശനി വരെ മിഠായി വാങ്ങുന്ന പൈസ കൂട്ടിവെച്ച് പത്ത് രൂപയാക്കി കൊണ്ടുവന്നു ഫുട്ബോള്‍ വാങ്ങുക എന്നതായിരുന്നു കുട്ടി പദ്ധതി. ഈ കുട്ടികളുടെ നിഷ്കളങ്കതയും കാര്യഗൗരവവും ഏറെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇപ്പോള്‍ ഈ കുട്ടികളെ സിനിമയിലെടുത്തു എന്നതാണ് പുതിയ വാര്‍ത്ത.
ക്ലബ് എഫ് എമ്മില്‍ സംസാരിക്കവെ നടി അഞ്ജലി നായരാണ് കുട്ടികളെ സിനിമയിലെടുത്ത കാര്യം വെളിപ്പെടുത്തിയത്. മൈതാനം എന്നു പുതിയ ചിത്രത്തിലേക്കാണ് കുട്ടികളെ തിരഞ്ഞെടുത്തത്. നടി അഞ്ജലി നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു പത്തു വയസ്സുകാരന്റെ കഥ പറയുന്ന ചിത്രത്തില്‍ ഫുട്ബോള്‍ കളിക്കാരായിട്ടായിരിക്കും ഈ കുട്ടികള്‍ അഭിനയിക്കുക.
അല്‍ത്താഫ് അന്‍സാര്‍ എന്ന പന്ത്രണ്ടു വയസ്സുകാരന് വാപ്പച്ചിയോട് കഥ പോലെ പറഞ്ഞ സംഭവമാണ് മൈതാനം എന്ന പേരില്‍ സിനിമയാകുന്നത്. ആവ്നി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഞ്ജലി നായര്‍ നിര്‍മ്മിക്കുന്ന ചിത്രം അന്‍സര്‍ താജുദ്ദീന് ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.