ഇത് വേറിട്ട പൊലീസ് കഥ; 'കാക്കിപ്പട'യെ കുറിച്ച് മുന്‍ എസ്പി ജോര്‍ജ്ജ് ജോസഫ്

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാക്കിപ്പട’. തളിവെടുപ്പിനായി ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് റിസര്‍വ്വഡ് പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സിനിമയെ കുറിച്ച് മുന്‍ എസ്പി ജോര്‍ജ്ജ് ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കാക്കിപ്പട എന്ന ചിത്രത്തിന്റെ പ്രമേയം കാലിക പ്രാധാന്യം ഉള്ളതാണ് എന്നാണ് ജോര്‍ജ്ജ് ജോസഫ് പറയുന്നത്. കാക്കിപ്പടയിലെ കഥയിലെ പോലെ കൊച്ചു കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ജനം അക്രമസക്തരാകുന്നതും, അവരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടതുമായ സംഭവങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തു.

സമൂഹത്തിന്റെ പരിഛേദം തന്നെയാണ് പൊലീസെന്നും, പൊതുജനങ്ങളുടെ അതേ വികാരം തന്നെയാണ് പോലീസിനെന്നും ജോര്‍ജ്ജ് ജോസഫ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നും പറഞ്ഞു. കാക്കിപ്പട തന്നില്‍ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നു എന്നും, ചിത്രം കാണാന്‍ കാത്തിരിക്കുകയാണെന്നും ജോര്‍ജ് ജോസഫ് അഭിപ്രായപ്പെട്ടു.

നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്ത്, ചന്തു നാഥ്, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ആരാധിക, ജയിംസ് ഏല്യാ, സഞ്ജിമോന്‍ പാറായില്‍, വിനോദ് സാക്ക്, മാലാ പാര്‍വ്വതി, സൂര്യ കൃഷ്ണാ, ഷിബു ലബാന്‍, പ്രദീപ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം – ഷെബി ചൗഘട്ട്, ഷെജി വലിയകത്ത്. സംഗീതം – ജാസി ഗിഫ്റ്റ്. കലാസംവിധാനം -സാ ബുറാം. മേക്കപ്പ് – പ്രദീപ് രംഗന്‍. കോസ്റ്റ്യൂം ഡിസൈന്‍ – ഷിബു പരമേശ്വരന്‍.