ഓസ്‌കറിന് ഇന്ത്യയില്‍ നിന്ന് 'ഗലി ബോയ്'; പട്ടികയിലുണ്ടായിരുന്നത് മൂന്ന് മലയാള ചിത്രങ്ങള്‍

92-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്നു സോയ അക്തര്‍ സംവിധാനം ചെയ്ത ഗലി ബോയ് മത്സരിക്കും. 27 ചിത്രങ്ങള്‍ക്കിടയില്‍ നിന്നാണ് ഗലി ബോയ് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്. അപര്‍ണ സെന്നിന്റെ അധ്യക്ഷതയിലുള്ള ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്.

രണ്‍വീര്‍ സിങ് നായകനാകുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, വിജയ് റാസ്, കല്‍ക്കി കൊച്ച്‌ലിന്‍, സിദ്ധാന്ത് ചതുര്‍വേദി, വിജയ് വര്‍മ, അമൃത സുഭാഷ് എന്നിവരും അഭിനയിക്കുന്നുണ്ട്. സംഗീത പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രണയചിത്രമാണ് ഗലി ബോയ്. ഒരു സ്ട്രീറ്റ് റാപ്പറുടെ വേഷത്തിലാണ് രണ്‍വീര്‍ അഭിനയിച്ചത്. സോയ അക്തര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും.

Read more

27 ചിത്രങ്ങളുടെ പട്ടികയില്‍ മൂന്ന് മലയാള ചിത്രങ്ങളും ഇടം നേടിയിരുന്നു. പാര്‍വതി പ്രധാനവേഷത്തിലെത്തിയ ഉയരെ, സലീം അഹമ്മദ് സംവിധാനം ചെയ്ത ഓസ്‌കര്‍ ഗോസ് ടൂ, ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് തുടങ്ങിയ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതിനു പുറമേ ആയുഷ്മാന്‍ ഖുറാനയുടെ അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, ധനുഷിന്റെ വട ചെന്നൈ, അമിതാഭ് ബച്ചനും താപ്സി പന്നും ഒരുമിച്ച ബദ്ല എന്നീ ചിത്രങ്ങളും ഉണ്ടായിരുന്നു. 2020 ഫെബ്രുവരി 9 നാണ് ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.