ജൂനിയർ ആർട്ടിസ്റ്റിൻ്റെ പീഡന പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു

ജൂനിയർ ആർട്ടിസ്റ്റിൻ്റെ പീഡന പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്ത് പൊലീസ്. പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് ശ്രീകുമാർ മേനോനെതിരെയുള്ള വെളിപ്പെടുത്തൽ. ഐപിസി 354 ആണ് ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണിത്.

ഇ-മെയിൽ മുഖേന ലഭിച്ച പരാതിയിൽ മരട് പൊലീസാണ് കേസ് എടുത്തത്. കൂടുതൽ അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കെെമാറി. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ ആരോപങ്ങള്‍ക്കിടയില്‍ മോഹന്‍ലാല്‍ ഇന്ന് ആദ്യമായി പ്രതികരിക്കും.

തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12മണിക്ക് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും എന്നാണ് കെസിഎ അറിയിപ്പ്. അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍വരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷവും നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നശേഷവും മോഹന്‍ലാല്‍ പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Read more